Kerala
പാലക്കാട് വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് | പാലക്കാട് കല്ലടിക്കോട് വിദ്യാര്‍ഥിനികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ് വന്‍ അപകടം. നാല് പെണ്‍കുട്ടികള്‍ മരിച്ചു. ഒരു വിദ്യാർത്ഥിനി രക്ഷപ്പെട്ടു. കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം നഷ്ടമായി സമീപത്തെ വീടിനോട് ചേര്‍ന്ന മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്‍റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
വിദ്യാർഥിനികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തേക്ക് ഉടൻ പോകാൻ നിർദേശിച്ച മന്ത്രി വി.ശിവൻകുട്ടി ജില്ലാ കലക്ടറോട് റിപ്പോർട്ടും തേടി.