വരിയും പൊരുളും
നിശബ്ദരാകുന്നവർക്കെതിരെ ഒച്ച വെക്കുന്ന നാവ്
അനവസരങ്ങളിലെ ഒച്ച വെപ്പുകൾക്കപ്പുറം സാഹചര്യങ്ങളുടെ നിർബന്ധിതാവസ്ഥകളിലെങ്കിലും പ്രതികാര ശേഷി പുറത്തെടുക്കേണ്ടതിന്റെ സാംഗത്യം കൂടിയാണ് "നാവടക്കം' പങ്കു വെക്കുന്നത്. നിസ്സഹായതയിൽ ശീലങ്ങളെ അടക്കി വെക്കേണ്ടതിന്റെ ഗതികേടിനെക്കുറിച്ച് പറയുമ്പോഴും അവിടെ ഉയർന്നു വരേണ്ട അനിവാര്യമായ ഊർജത്തെക്കുറിച്ചും കവി ഉണർത്തുന്നുണ്ട്.
സമകാലിക ഇന്ത്യനവസ്ഥയുടെ നേർചിത്രമാണ് കവി വീരാൻ കുട്ടി മാഷ് “നാവടക്കം ‘ എന്ന കവിതയിലൂടെ വരച്ചുവെച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലപ്പുറം ലോക ജനതക്ക് തന്നെ മാതൃകയായി നിലകൊണ്ട ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യത്തിന്റെ നിലവിലെ സ്ഥിതി എവ്വിധമാണെന്ന് ഓരോ വരിയും നിസ്സങ്കോചം വിളിച്ചു പറയുന്നു. ഭയപ്പെടുത്തലുകളുടെയും പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും മുന്നിൽ നിസ്സഹായരായിത്തീരുകയും പ്രതികാര ശേഷി നഷ്ടമാവുകയും ചെയ്യുന്നതിന്റെ ദുരവസ്ഥയും വളരെ കൃത്യമായി കോറിയിടുന്നു.
“ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതി വെച്ച് നല്ല തല്ലു കൊള്ളിച്ചു ‘ എന്ന ആദ്യ വരികളിൽ തന്നെയുണ്ട് ഫാഷിസ്റ്റ് ഇന്ത്യയും അതിന് ചുക്കാൻ പിടിക്കുന്ന ഭരണകൂടവും.
കുറഞ്ഞ പദപ്രയോഗങ്ങളിൽ ഒരു രാജ്യത്തിന്റെ ദുർഗതിയൊന്നാകെ അടയാളപ്പെടുത്തിവെക്കാൻ മാത്രം ശക്തിമത്തായ വരികൾ പടച്ചുണ്ടാക്കാൻ നല്ല കൈയടക്കമുള്ള കവികൾക്കേ കഴിയൂ. വീരാൻ കുട്ടി മാഷ് അത് നന്നായി നിർവഹിച്ചിട്ടുണ്ട്. “നിശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും വാ പൊത്തി നിന്നു’, “ഒച്ച വെക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി ‘ തുടങ്ങിയ വരികളിൽ ഒരു ജനതയുടെ നിസ്സഹായതയുടെ നോവിനൊപ്പം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നവരോടുള്ള പരിഹാസവും ഭംഗിയായി അടക്കം ചെയ്തിരിക്കുന്നു.
നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ചവിട്ടി മെതിച്ച് ഭരണഘടനയെ പോലും പിച്ചിച്ചീന്തി ഏകാധിപത്യ രീതിയിൽ രാജ്യം അടക്കിഭരിക്കുന്നവരുടെ അഹംഭാവങ്ങളെ ചോദ്യം ചെയ്യാനും ഭയപ്പാടിന്റെയും പ്രലോഭനങ്ങളുടെയും മുൾമുനയിലും ശീതളിമയിലും ഉൾവലിയുന്ന നാവുകളെ കണക്കിന് പരിഹസിക്കാനും കവി കാണിച്ച ധൈര്യത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. പ്രത്യേകിച്ച് മിണ്ടുന്നവരുടെ നാവരിയപ്പെടുകയും അവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഈ ഇന്ത്യൻ പരിസരത്തിൽ.
“നാവടക്കൂ പണിയെടുക്കൂ’ എന്ന് ഫാഷിസത്തിന് ഓശാന പാടിയ എത്രയോ ഉദ്യോഗസ്ഥരുടെ പടം ഉന്നതങ്ങളിൽ സ്ഥാപിക്കപ്പെട്ടു. രാഷ്ട്രത്തിന് വേണ്ടി ശബ്ദിച്ച മഹാത്മാ ഗാന്ധിയെപ്പോലുള്ളവരുടെ ചിത്രങ്ങൾക്ക് ഇന്ത്യൻ ഭരണസിരാ കേന്ദ്രങ്ങളുടെ ചുമരുകളിൽ ഇടം നഷ്ടപ്പെടുന്നു. മാത്രമല്ല; ഫാഷിസത്തിന് വേണ്ടി പണിയെടുത്തവർ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ മിണ്ടിയവരെ തഴഞ്ഞ് താഴെയിടുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്ന മറ്റൊരു അർഥതലത്തിൽ കൂടി ഇതിനെ വായിക്കേണ്ടതുണ്ട്. “ഊമകൾക്ക് പോലും പറ്റാത്ത മട്ടിൽ നിശബ്ദനായി കഴിയുന്നു ‘ എന്ന കവിയുടെ ഈ പ്രയോഗം രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന, എന്ത് വലിയ അരുതായ്മകൾ കൺമുന്നിൽ കണ്ടാലും കണ്ണടച്ചിരുട്ടാക്കി പഞ്ചപുഛമടക്കി തൊഴുത് നിൽക്കുന്നവരെ പറ്റിയാണ്.
സവർണ തമ്പുരാക്കന്മാർ എറിഞ്ഞു നൽകുന്ന അപ്പക്കഷ്ണവും പ്രതീക്ഷിച്ച് എന്നും അവരുടെ പാദസേവകരായി ഒതുങ്ങിക്കൂടുന്നവരുടെ കരണക്കുറ്റിക്കാണ് ഈ വരികൾ ആഞ്ഞടിക്കുന്നത്. എതിരൊച്ച കേൾപ്പിക്കാത്തതിനാൽ തട്ടിക്കളയുമെന്ന പേടി ഇവരെ ബാധിക്കുന്നേയില്ല. “തുപ്പാനോ ഇറക്കാനോ ആവാതെ വേവാത്ത ഒരു മാംസക്കഷ്ണം വായിൽ വിലങ്ങനെ കിടക്കുന്നു ‘ എന്ന് എത്ര കിട്ടിയാലും ബോധ്യപ്പെടാത്ത മേൽ വർഗത്തോടുള്ള ഒടുക്കത്തെ നിസ്സഹായത കൊണ്ടും അരിശം കൊണ്ടും പറഞ്ഞതായിരിക്കാം. ഇതിലപ്പുറം കവിക്ക് ഇനി അത്തരക്കാരോട് പറയാൻ വാക്കുകളുണ്ടാകില്ല.
അനവസരങ്ങളിലെ ഒച്ച വെപ്പുകൾക്കപ്പുറം സാഹചര്യങ്ങളുടെ നിർബന്ധിതാവസ്ഥകളിലെങ്കിലും പ്രതികാര ശേഷി പുറത്തെടുക്കേണ്ടതിന്റെ സാംഗത്യം കൂടിയാണ് “നാവടക്കം’ പങ്കു വെക്കുന്നത്. നിസ്സഹായതയിൽ ശീലങ്ങളെ അടക്കി വെക്കേണ്ടതിന്റെ ഗതികേടിനെക്കുറിച്ച് പറയുമ്പോഴും അവിടെ ഉയർന്നു വരേണ്ട അനിവാര്യമായ ഊർജത്തെക്കുറിച്ചും കവി ഉണർത്തുന്നുണ്ട്. അരുതാത്തത് കണ്ടും കേട്ടും കൊണ്ടിരിക്കുമ്പോൾ അത് ശീലങ്ങളുടെ ഭാഗമാകുകയും പിന്നീട് അതൊരു അലങ്കാരമാവുകയും ചെയ്യുന്നതിലെ അപകടം വലുതായിരിക്കും.
നിലപാടില്ലാത്തവരെ തിരുത്തുകയും അടിമപ്പെടുന്നവരെ വിമർശിക്കുകയും ചെയ്യുകയാണ് ഈ നിശബ്ദതയിലൂടെ കവി. കൽബുർഗിമാർക്കും ഗൗരി ലങ്കേഷുമാർക്കും വന്നുപെട്ട ദുരവസ്ഥ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം നിശബ്ദതയാണെന്ന് നിനച്ചിരിക്കുന്നവർക്ക് ശക്തമായ താക്കീതാണ് ഓരോ വരികളും. എക്കാലത്തും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപതികളുടെ നടപടികളെയും അതിനെതിരെ ചെറുവിരൽ പോലുമനക്കാതെ മൗനികളായിരിക്കുന്ന ജഡിത മനുഷ്യ രൂപങ്ങളെയുമാണ് പ്രധാനമായും കവി വിമർശിക്കുന്നത്.
പദക്കസർത്തുകളും കടുകട്ടി പദങ്ങളുമാണ് കവിതയുടെ ശക്തി എന്ന് തെറ്റിദ്ധരിച്ചവർക്കുള്ള മറുപടി കൂടിയാണ് “നാവടക്കം’.
ലളിതമായ പദങ്ങൾ കൊണ്ട് കാരിരുമ്പിനോളം കരുത്തുള്ള ആശയങ്ങൾ സൃഷ്ടിച്ചെടുക്കാമെന്ന് കവി തെളിയിച്ചു. നാവടക്കത്തിലെ ഓരോ പദവും സാധാരണക്കാർക്ക് പോലും സുപരിചിതമാണ്. എന്നിട്ടും അധികാരത്തിന്റെ ഇന്ദ്രപ്രസ്ഥത്തിൽ ആസനസ്ഥരായിരിക്കുന്നവരുടെ ഇടനെഞ്ചിലേക്ക് അവ ഇടിമുഴക്കമായി കടന്നു ചെല്ലുന്നു. നല്ലൊരു സന്ദേശം ഈ കവിത നൽകുന്നതോടൊപ്പം ഇതിന്റെ ഘടന തികച്ചും സരളവും വേറിട്ടതുമാകുന്നു.