feature
ആര്‍ട്ടിക്കിന്റെ രഹസ്യം തേടി ഒരു മലയാളി
ആർട്ടിക്കിന്റെ മഞ്ഞുപാളികളാണ് ആഗോള താപനത്തെ ഒരു പരിധിവരെ പിടിച്ചുനിർത്തുന്നത്. ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഒരു ദൗത്യസംഘം ആർട്ടിക്കിലേക്ക് പോയിരുന്നു. ദൗത്യസംഘത്തിൽ മലയാളിയും, കാസർകോട് കാറഡുക്ക സ്വദേശിയുമായ ഡോ. എ വി സിജിൻകുമാറും അംഗമാണ്. ഒരു മലയാളിക്ക് ദൗത്യ സംഘത്തിൽ അംഗീകാരം ലഭിക്കുന്നത് കേരളത്തിന് അഭിമാനമാണ്.
വെള്ള പുതപ്പിനുള്ളിൽ മൂടപ്പെട്ട ആർട്ടിക്കിന്റെ നിഗൂഢതകൾ മാനവരാശിക്കെന്നും അത്ഭുതമാണ്. ഭൂഖണ്ഡങ്ങളെക്കുറിച്ച് അറിവ് നേടിയ അന്ന് തുടങ്ങിയതാണ് മനുഷ്യന് അപ്രാപ്യമായ ആർട്ടിക്കിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ. ആഗോള പാരിസ്ഥിതിക സന്തുലനത്തിന് ആർട്ടിക്കും അന്റാർട്ടിക്കും വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
ആഗോള താപനം പിടിച്ചുനിർത്തുകയും, ലോക കാലാവസ്ഥാ സന്തുലനത്തിന് വഴിയൊരുക്കുകയും ചെയ്ത ആർട്ടിക് മേഖല ഇന്ന് മഞ്ഞുരുകലിന്റെ വക്കിലാണ്. ആർട്ടിക്കിന്റെ മഞ്ഞുപാളികളാണ് ആഗോള താപനത്തെ ഒരു പരിധിവരെ പിടിച്ചുനിർത്തുന്നത്. ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഒരു ദൗത്യസംഘം ആർട്ടിക്കിലേക്ക് പോയിരുന്നു. ദൗത്യസംഘത്തിൽ മലയാളിയും കാസർകോട് കാറഡുക്ക സ്വദേശിയുമായ ഡോ. എ വി സിജിൻകുമാറും അംഗമാണ്. ഒരു മലയാളിക്ക് ദൗത്യ സംഘത്തിൽ അംഗീകാരം ലഭിക്കുന്നത് കേരളത്തിന് അഭിമാനമാണ്.
ഗവേഷണം പാറയും മണ്ണും തുരന്ന്
ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഉത്തര ധ്രുവത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പാറയും മണ്ണും തുരന്ന് ശാസ്ത്രജ്ഞർ പഠനം തുടങ്ങി. ശാസ്ത്ര ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗവേഷണത്തിൽ ഏർപ്പെട്ട 17 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ മലയാളികളുടെ അഭിമാനമായി കാസർകോട് സ്വദേശി ഡോ. എ വി സിജിൻ കുമാറുമുണ്ട്.
കാസർകോട് കാറഡുക്ക സ്വദേശിയും പെരിയയിലെ കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം അസോസിയേറ്റ് പ്രഫസറുമാണ് ഡോ. എ വി സിജിൻ. ഇന്റർനാഷനൽ ഓഷ്യൻ ഡിസ്‌കവറി പ്രോഗ്രാം (ഐ ഒ ഡി പി) ആർട്ടിക് സമുദ്ര ഗവേഷണ പര്യവേക്ഷണത്തിന്റെ ഭാഗമാകാനുള്ള അസുലഭ അവസരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഗോവയിലെ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻ സി പി ഒ ആർ) ആണ് ഇദ്ദേഹത്തെ ഗവേഷണ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
അത്ഭുതം, ഉത്തര ധ്രുവത്തിലെ മഞ്ഞുപാളികൾ
അനുദിനം ക്ഷയിച്ചുവരുന്ന ഉത്തര ധ്രുവത്തിലെ മഞ്ഞുപാളികളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തിയെങ്കിലും മഞ്ഞുപാളികൾ തുരന്നുള്ള അത്യപൂർവമായ ഗവേഷണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ ഗവേഷണം ലോക താപന വ്യതിയാനത്തിന് ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ഭൗമശാസ്ത്ര ലോകവും ദൗത്യ സംഘവും. അന്റാർട്ടിക്കയുടെ മഞ്ഞുപാളികൾ ഇഴകീറി പരിശോധിക്കുന്ന ശ്രമകരമായ ദൗത്യമാണ് ഇവർക്ക് മുന്നിലുള്ളത്. സാധാരണ ഗവേഷണങ്ങൾ പോലെ ഉപരിപ്ലവമായ കണ്ടെത്തലുകളല്ല, ഭൗമശാസ്ത്രത്തിന്റെ ശാസ്ത്രീയമായ ഉള്ളറകൾ ഇഴകീറി പരിശോധിക്കുകയാണ് ദൗത്യസംഘം.
ആർട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനം ഗവേഷകർക്കും എന്നും ഒരു അത്ഭുതമാണ്. ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ആർട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പല ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും ആർട്ടിക്ക് ഒരത്ഭുത വൻകരയായി തുടരുകയാണ്.
മഞ്ഞുപാളികളും ആർട്ടിക്കിലെ ഭ്രംശനങ്ങളും സമുദ്രാന്തർഭാഗങ്ങളിലും വൻകരകളിലുമുണ്ടാക്കുന്ന ചലനം ചെറുതല്ല. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് 17 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിപ്പോൾ.
ശാസ്ത്ര ലോകത്തിന് പുതിയ വിവരങ്ങൾ സമ്മാനിക്കാനുള്ള അന്തർ ദേശീയ സമുദ്ര പര്യവേക്ഷണത്തിന്റെ (ഐ ഒ ഡി പി) ഭാഗമായി ആർട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനം ചെയ്ത് തുടങ്ങിയതായി ഡോ. സിജിൻ കുമാർ പറഞ്ഞു.
പഠനം ദശാബ്ദങ്ങൾക്ക് മുമ്പുള്ള കാലാവസ്ഥയെക്കുറിച്ച്
ഏഴ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെയുള്ള ഉത്തരധ്രുവത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, പിന്നീട് എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് പഠിക്കാൻ ശ്രമിക്കുന്നത്. ആർട്ടിക് സമുദ്രത്തിൽ 600-700 മീറ്റർ വരെ ആഴത്തിൽ തുരന്നാണ് പഠനത്തിന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുന്നത്. ഫോസിലുകൾ, കടലിനടിയിൽ അടിഞ്ഞുകൂടിയ മണൽ, ചെളി, പാറകളുടെ ഘടന എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ആർട്ടിക് മഞ്ഞുപാളികളുടെ വളർച്ചയും ഉരുകലും ഉൾപ്പെടെ ഈ മേഖലയിലെ മുൻകാല കാലാവസ്ഥാ വ്യതിയാനങ്ങൾ പഠിക്കുന്നതിന് ആവശ്യമായ സാമ്പിളുകളാണ് സംഘം ശേഖരിക്കുന്നതെന്ന് ഡോ. സിജിൻ കുമാർ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ നാഷനൽ സയൻസ് ഫൗണ്ടേഷന്റെ സഹായത്തോടെ പദ്ധതിയുടെ ഭാഗമായി ഉത്തര ധ്രുവത്തിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണ കപ്പലാണ് ഇവർക്കൊപ്പം ഉള്ളതെന്നതും പ്രത്യേകതയാണ്. 1968ൽ കമ്മീഷൻ ചെയ്ത ജോയ്ഡ്സ് റസല്യൂഷൻ എന്ന കപ്പലാണ് ഇപ്പോൾ ആർട്ടിക്കിലുള്ളത്.
ഉയരുന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും മൂലം ഏറെ നാളായി ആർട്ടിക് ശോഷിച്ചുവരികയാണ്. വേനൽക്കാലത്ത് ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ശൈത്യകാലത്ത് തിരികെ രൂപപ്പെടുന്നില്ല.
ഇതോടെ ആർട്ടിക്കിലെ മഞ്ഞുപാളിയുടെ അളവ് സന്തുലനമാക്കിയിരുന്ന ശൈത്യകാലത്തെ മഞ്ഞിന്റെ രൂപപ്പെടൽ താളം തെറ്റിയ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഈ പുതിയ പഠനത്തിന് ഏറെ പ്രസക്തിയുണ്ട്. ഉത്തരധ്രുവത്തിലെ മഞ്ഞുപാളികളെക്കുറിച്ച്, എന്നു മുതൽ ഇവ ഉണ്ടായി, എങ്ങനെ ഉണ്ടായി, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്പ് കാലാവസ്ഥ എങ്ങനെയായിരുന്നു, എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നിവയൊക്കെ ഈ ഗവേഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. ആർട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഗവേഷണ മേഖലയിൽ എത്തിയത് മുതൽ ആർട്ടിക് സമുദ്രത്തിന്റെ അടിത്തട്ട് തുടർച്ചയായി തുരക്കുകയാണിവർ. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകളിൽനിന്ന് പാറയുടെ ഘടന വിലയിരുത്തുകയും ഫോസിലുകളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും സിജിൻകുമാർ പറഞ്ഞു.
ഏഴ് ദശലക്ഷം വർഷങ്ങൾക്ക് മുന്പ് ആർട്ടിക്കിലെ കാലാവസ്ഥ എങ്ങനെയായിരുന്നുവെന്നും കാലക്രമേണ സംഭവിച്ച മാറ്റങ്ങളെന്താണെന്നും വിലയിരുത്തും.
ഉത്തര അറ്റ്്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള ഉഷ്ണജല പ്രവാഹത്തിന്റെ ശക്തിയും ദൗർബല്യവും പഠിക്കും. പര്യവേക്ഷണം പൂർത്തിയാക്കി ആഗസ്റ്റ് അഞ്ചിന് ആംസ്റ്റർഡാമിൽ സംഘം തിരിച്ചെത്തും. ആറ് മാസത്തിന് ശേഷം ജർമനിയിലെ ബ്രെമനിലെ കോർലാബിൽ നിന്ന് ഖനന സാമ്പിളുകൾ കേരള കേന്ദ്ര സർവകലാശാലയിലെ ജിയോളജി വകുപ്പിന് കീഴിലുള്ള പാലിയോ മൂന്ന് ഗവേഷണശാലയിലെത്തിച്ച് പഠനം നടത്തും.
ഇതിനോടകം 30 ഗവേഷണ പ്രബന്ധങ്ങൾ
പ്രാചീന കാലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ഡോ. സിജിൻ കുമാറിന്റെ 30 ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാണ് അദ്ദേഹത്തെ ഗവേഷണസംഘത്തിൽ ഉൾപ്പെടുത്താൻ വഴിയൊരുക്കിയത്. ചെറുപ്പത്തിൽ തന്നെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആഗ്രഹിച്ച അദ്ദേഹം ഭൗമശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടിയെന്ന് മാത്രമല്ല, ഇന്നും പഠനം തുടരുകയാണ്. ഇദ്ദേഹത്തിന് കീഴിലുള്ള വിദ്യാർഥികൾക്കും മികച്ച അധ്യാപകൻ എന്നതിലുപരി, പുതിയ ഗവേഷണത്തിനുള്ള വഴി തുറന്നുകൊടുക്കുക കൂടിയാണിദ്ദേഹം.
വർഷങ്ങളായി മുന്നറിയിപ്പുകൾ
ആർട്ടിക്കിന്റെ ശോഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഗവേഷകർ വർഷങ്ങളായി പുറത്തുവിടുന്നുണ്ടായിരുന്നു. ലോക താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകാതെ തടയാനുള്ള ഗവേഷണങ്ങളായിരുന്നു നടത്തിവന്നത്. ഇങ്ങനെ താപനില വർധനവ് തടയുന്നതിലൂടെ ആർട്ടിക്ക് സംരക്ഷിക്കപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു.ആർട്ടിക്കിലെ മഞ്ഞുരുകലിന്റെ വേഗവും ഓരോ വേനലിലും വർധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. കൂടാതെ ആർട്ടിക്കിലെ വേനലിന്റെയും ഉയർന്ന താപനില അനുഭവപ്പെടുന്ന കാലത്തിന്റെയും ദൈർഘ്യം വർധിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി.
ഇതാണ് യഥാർഥ പ്രശ്നം
ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും വേനൽക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുകയെന്നത് ആർട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമായിരുന്നു. ഏതാണ്ട് മെയ് ഓടെ ആരംഭിച്ച മഞ്ഞുരുകൽ രൂക്ഷമായി മഞ്ഞ് അതിന്റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്തംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞുണ്ടാകാൻ തുടങ്ങുകയും ക്രമേണ മഞ്ഞ് പാളികളുടെ വിസ്തൃതി വർധിക്കുകയും ചെയ്യുന്നു.
ഇതിൽ മഞ്ഞുരുകൽ കൃത്യമായി നടക്കുകയും മഞ്ഞിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നുവെന്നതാണ് ആർട്ടിക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി. കൂടാതെ ദിശ തെറ്റി ആർട്ടിക്കിലേക്ക് എത്തുന്ന താപക്കാറ്റും വേനൽക്കാലത്തിന്റെ ദൈർഘ്യം വർധിച്ചതും മഞ്ഞുരുകലിന്റെ വേഗത്തിലും വർധനവുണ്ടാക്കി. ആർട്ടിക്കിനെക്കുറിച്ചുള്ള ഗവേഷണം തന്റെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവാണെന്ന് ഡോ. ഷിജിൻ പറഞ്ഞു. ഇതുവരെ നടന്ന പഠനങ്ങളിലൊന്നും കണ്ടെത്താനാകാത്ത ആർട്ടിക്കിന്റെ ഉള്ളറകളിലേക്കുള്ള ഒരു പര്യവേക്ഷണമായിരിക്കും തങ്ങളുടേതെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.