Kerala
ഡൽഹിയിൽ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചവരിൽ ഒരു മലയാളിയും
വിദ്യാർത്ഥികൾ നാല് മണിക്കൂറിലധികം ബേസ്‌മെൻ്റിൽ കുടുങ്ങിക്കിടക്കുകയും വെള്ളത്തിൽ മുങ്ങി ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.

ന്യൂഡല്‍ഹി | ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. എറണാകുളം സ്വദേശി നവീൻ ഡെൽവി(28)നാണ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ശ്രയ്യ (25), ടാനിയ (25) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ.
ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. കനത്ത മഴയിൽ ബേസ്മെന്റിലേക്ക് പൊടുന്നനെ വെള്ളം ഇരച്ചെത്തുകയായിരുന്നു.
വിദ്യാർത്ഥികൾ നാല് മണിക്കൂറിലധികം ബേസ്‌മെൻ്റിൽ കുടുങ്ങിക്കിടക്കുകയും വെള്ളത്തിൽ മുങ്ങി ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ആദ്യ മൃതദേഹം രാത്രി 10.40നും രണ്ടാമത്തെ മൃതദേഹം രാത്രി 11.18നും മൂന്നാമത്തെ മൃതദേഹം പുലർച്ചെ 1.05നുമാണ് കണ്ടെത്തിയത്. ഏകദേശം 8 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം 3:51 ന് പൂർത്തിയായി. ശ്രയ്യ (25 വയസ്സ്), നെവിൻ ഡെൽവിൻ (28 വയസ്സ്), ടാനിയ (25 വയസ്സ്) എന്നിവരാണ് മരിച്ചത്.
അപകടത്തെക്കുറിച്ച് ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പോലീസ് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.