Kerala
പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; കൊല്ലപ്പെട്ടത് മലയാളി
വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.

മംഗളൂരു | ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളി. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മംഗളൂരുവിലേക്ക് തിരിച്ചു.
ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില്‍ സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് അറസ്റ്റിലായവര്‍. തുടര്‍ച്ചയായി ചവിട്ടിയും വടികൊണ്ടടിച്ചുമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം.