From the print
കപ്പലില്‍ മലയാളി യുവതിയും
തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളും വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
തൃശൂര്‍/ കോട്ടയം | ഇറാന്‍ പിടിച്ചെടുത്ത എം എസ് സി ഏരീസ് എന്ന ഇസ്‌റാഈല്‍ ചരക്ക് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളും വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ശനിയാഴ്ചയാണ് ആന്റസയുടെ കുടുംബം കൊടുങ്ങൂരിലെ കാപ്പുകാട്ടുള്ള വീട്ടിലേക്ക് താമസമാക്കിയത്. അടുത്ത ദിവസം ആന്റസ എത്താനിരിക്കെയാണ് കുടുംബം വിവരമറിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്ക അധികൃതരും ബന്ധപ്പെടുകയും നടപടികള്‍ സ്വീകരിച്ചു വരുന്നതായി അറിയിക്കുകയും ചെയ്തതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ആന്റസ മുംബൈയിലെ എം എസ് സി ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. മകള്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതര്‍ വിളിച്ചറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു.
കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം സ്വദേശി പി വി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍.
ഇവരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.