Connect with us

Kerala

അബൂദബിയില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഒരാളുടെ നില ഗുരുതരം

Published

|

Last Updated

അബൂദബി | അബൂദബിയിലെ മില്‍ക്കി വേ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. തുരുവനന്തപുരം സ്വദേശി പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍- ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ നിര്‍മാണ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ശരത് പ്രവാസിയാണ്.

ഇന്നലെ രാത്രി 11ന് ശേഷമാണ് അബൂദബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ ഇവര്‍ യാത്ര തിരിച്ചത്. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലന്‍സും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല. ഡ്രൈവര്‍ അടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കും. ഭാര്യ ജിഷ. രണ്ട് പെണ്‍മക്കളുണ്ട്.