Kerala
ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം

പത്തനംതിട്ട | ബെംഗളൂരുവില്‍ മാരുതി നഗറില്‍ വച്ച് വാഹന അപകടത്തില്‍ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി എം ബി എ ബിരുദധാരി റെന്‍വിന്‍ കെ രാജുവിന് (25) നഷ്ടപരിഹാരമായി 51 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ട് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ എസ് രാധാകൃഷ്ണന്‍. 2016 ഒക്ടോബര്‍ 15ന് ഹരജിക്കാരന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിച്ച് യാത്രക്കാരായ റെന്‍വിന്‍ കെ രാജു, ജുബിന്‍ ജോസഫ് എന്നിവര്‍ക്ക് പരുക്കേല്‍ക്കാനിടയായി എന്നായിരുന്നു മഡ്വാലാ ട്രാഫിക് പോലീസ് ചാര്‍ജ് ചെയ്ത കേസ്. അപകടത്തില്‍ റെന്‍വിന്‍ കെ രാജുവിന്റെ വലതുകാലിന് ഒടിവും മാംസപേശികള്‍ക്ക് ചതവും ഉണ്ടായി. ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഹരജിക്കാരന്റെ തുടര്‍ചികിത്സ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു.
നഷ്ടപരിഹാരമായി 33.18 ലക്ഷവും ഒമ്പത് ശതമാനം പലിശയും കോടതി ചെലവും എതിര്‍ കക്ഷിയായ ചോളമണ്ഡലം എം എസ് ഇന്‍ഷ്വറന്‍സ് കമ്പനി 30 ദിവസത്തിനകം കെട്ടിവെക്കണമെന്നാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പീലിപ്പോസ് തോമസ്, ടി എം വേണുഗോപാല്‍ (മുളക്കുഴ), സിന്ധു ടി വാസു എന്നിവര്‍ മുഖേനയാണ് പരുക്കേറ്റ റെന്‍വിന്‍ കെ രാജുവും പിന്‍സീറ്റ് യാത്രക്കാരന്‍ ജുബിന്‍ ജോസഫും ഹരജി നല്‍കിയത്. മോട്ടോര്‍ സൈക്കിളില്‍ ഒപ്പം യാത്രചെയ്ത ജുബിന്‍ ജോസഫിനേറ്റ പരുക്കുകള്‍ക്ക് 14.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ വി ജി ശ്രീദേവിയും ഉത്തരവിട്ടു.