Kerala
ബി എസ് എന്‍ എല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
മോഷണ വസ്തുക്കള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
പത്തനംതിട്ട | ബി എസ് എന്‍ എല്‍ ടവര്‍ റൂമില്‍ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കല്‍ ലൈന്‍ ടെര്‍മിനലും, മൊഡ്യൂളുകളും, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുകളും മോഷ്ടിച്ച കേസില്‍ ഒരാളെ അടൂര്‍ പോലീസ് പിടികൂടി. അടൂര്‍ പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍(39)ആണ് അറസ്റ്റിലായത്. ഏപ്രില്‍ 14ന് ആനന്ദപ്പള്ളി ബി എസ് എന്‍ എല്‍ ടവര്‍ റൂമിന്റെ പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറി ഒപ്റ്റിക്കല്‍ ലൈന്‍ ടെര്‍മിനല്‍, അതില്‍ ഘടിപ്പിച്ചിരുന്ന 8 മൊഡ്യൂളുകള്‍, 5000 മീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവ മോഷ്ടിച്ച് കടത്തുകയായിരുന്നു. മോഷണ വസ്തുക്കള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ, കൂടുതല്‍ ആളുകള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങി മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, എസ് ഐമാരായ എല്‍ ഷീന, ആര്‍ രാധാകൃഷ്ണന്‍, എസ് സി പി ഓമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.