Connect with us

Kerala

റാപ്പര്‍ വേടന് പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാള്‍; കൂടുതല്‍ മൊഴി പുറത്ത്

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും നിലവില്‍ വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്.

Published

|

Last Updated

കൊച്ചി| റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) മാലയില്‍നിന്ന് പുലിപ്പല്ല് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ മൊഴി പുറത്ത്. പുലിപ്പല്ല് താന്‍ തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടന്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് കൈമാറിയതെന്നാണ് വേടന്റെ മൊഴി. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. രഞ്ജിത്ത് മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്. വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലയിലുള്ളത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. വേടന്റെ മൊഴി വനം വകുപ്പ് വിശദമായി എടുത്തിട്ടുണ്ട്.

പുലിപ്പല്ല് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്ന് മൊഴിയിലുണ്ട്. സംഭവത്തില്‍ രഞ്ജിത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തു. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്.

ഇന്നലെയാണ് കഞ്ചാവ് കേസില്‍ വേടന്‍ പിടിയിലായത്. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് വേടനെതിരെ ചുമത്തിയത്. കേസില്‍ രണ്ടാംപ്രതിയാണ് വേടന്‍. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു.

കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്‌ക്കെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റില്‍ നിന്ന് ആറു ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും നിലവില്‍ വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. വേടനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

 

 

---- facebook comment plugin here -----

Latest