Kerala
മുക്കുപണ്ടയം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 916 ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച 8 ഗ്രാം തൂക്കം വരുന്ന വളയുമായി ബ്രാഞ്ച് മാനേജര്‍ മേഘമോഹനെ സമീപിച്ചു
![](https://assets.sirajlive.com/2024/04/arrest1-897x538.jpg)
പത്തനംതിട്ട | സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ എത്തിയ യുവാവ് പന്തളം പോലീസിന്റെ പിടിയിലായി. പന്തളം കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത്. പന്തളം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബി കെ പി കമര്‍ഷ്യല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് ഇയാള്‍ എത്തിയത്.
യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 916 ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച 8 ഗ്രാം തൂക്കം വരുന്ന വളയുമായി ബ്രാഞ്ച് മാനേജര്‍ മേഘമോഹനെ സമീപിച്ചു. തുടര്‍ന്ന് 39000 രൂപ കൈപ്പറ്റിയശേഷം സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് ഇതേസമയം രണ്ടാം പ്രതി അപ്പുവുമൊപ്പം എത്തിയ അനീഷ്, തന്റെ സഹോദരന്‍ വിജേഷിന്റെ ആധാര്‍ കാര്‍ഡ് കാട്ടിയശേഷം തലേദിവസം കൊണ്ടുവന്ന അതേ ഫാഷനിലും തൂക്കവും സ്വര്‍ണനിറത്തിലുള്ള മുക്കുപണ്ടമായ വള പണയം വക്കാന്‍ ശ്രമിച്ച് ആള്‍മാറാട്ടം നടത്തുകയും ചെയ്തു.സംശയം തോന്നിയ മാനേജര്‍ പന്തളം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പ്രതികളും കൂടി കഴിഞ്ഞവര്‍ഷം 27 ന് രാവിലെ 11 മണിയോടെ കുരമ്പാലയിലുള്ള വിസ്മയ ഫിനാന്‍സിലെത്തി ഇതേരീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള മാല പണയം വച്ച് 55000 രൂപയും, രണ്ട് ദിവസം കഴിഞ്ഞെത്തി 10 ഉം 6 ഉം ഗ്രാം തൂക്കമുള്ള രണ്ട് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 75000 രൂപയും കൈപ്പറ്റി. രണ്ടുതവണയും വിജേഷിന്റെ ആധാര്‍ കാര്‍ഡുമായാണ് പ്രതികള്‍ എത്തിയത്. തട്ടിപ്പ് മനസ്സിലാക്കിയ സ്ഥാപന ഉടമ റോയ് ബാന്‍ അന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ അനീഷിനെ റോയ് ബാനെ കാണിച്ച് തിരിച്ചറിയുകയും തുടര്‍ന്ന് രണ്ടാമത്തെ കേസ് എടുക്കുകയുമായിരുന്നു. രണ്ടു കേസിലെയും ബാക്കി രണ്ട് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.