National
ദുരൂഹതകള്‍ ബാക്കിയാക്കി ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു
ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ മന്ത്രി അതിഷി ഉത്തരവിട്ടു
ന്യൂഡല്‍ഹി | 14 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണയാള്‍ മരിച്ചു. യുവാവ് കുഴല്‍കിണറില്‍ നിന്ന് പുറത്തെത്തിക്കുമ്പോള്‍ തന്നെ മരിച്ചതായി ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു.
ഡല്‍ഹിയിലെ കേശോപുര്‍ മാണ്ഡിയിലെ ജല ബോര്‍ഡ് പ്ലാന്റിനുള്ളിലെ കുഴല്‍ക്കിണറിലാണ് 30 വയസ് തോന്നിക്കുന്ന യുവാവ് വീണത്. കുട്ടിയാണ് കുഴല്‍ കിണറില്‍ വീണത് എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണത് യുവാവാണെന്ന് തിരിച്ചറിഞ്ഞത്.
ഇയാള്‍ എങ്ങനെയാണ് കുഴല്‍ക്കിണറില്‍ വീണത് എന്ന് ഇത് വരെ വ്യക്തമായിട്ടില്ല. മോഷണശ്രമത്തിനിടെ വീണതാണെന്നും യുവാവിനെ ആരെങ്കിലും കുഴിയില്‍ തള്ളിയിട്ടതാകാമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു. ഡല്‍ഹിയില്‍ തുറന്നു കിടക്കുന്ന ഇത്തരം കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാനും മന്ത്രി ഉത്തരവിട്ടു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് വികാസ്പുരി പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ ഡി ആര്‍ എഫ്)യും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്താണ് യുവാവിനെ പുറത്തെടുത്തത്. മരിച്ചയാളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.