Connect with us

National

മുംബൈ-ഹൈദരാബാദ് ഐ.പി.എല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ഹന്‍മന്ത്വാഡി സ്വദേശി ബന്ദോപന്ത് തിബിലി (63) ആണ് മരിച്ചത്.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. മാര്‍ച്ച് 27ന് ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഹന്‍മന്ത്വാഡി സ്വദേശി ബന്ദോപന്ത് തിബിലി (63) ആണ് മരിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 റണ്‍സ് അടിച്ച് റെക്കോഡിട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകനായിരുന്ന തിബിലി മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മ 26 റണ്‍സെടുത്ത് പുറത്തയപ്പോള്‍ മുംബൈ വിജയിക്കുമോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. കൂടാതെ ചെന്നൈയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഇതോടെ മുംബൈ ആരാധകരായ ബല്‍വന്ത് മഹാദേവ് ജാന്‍ജ്ഗെ, സാഗര്‍ സദാശിവ് ജാന്‍ജ്ഗെ എന്നിവര്‍ തിബിലിയുമായി വാക്കേറ്റത്തിലെത്തുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ തിബിലിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തെ ചികിത്സക്കുശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മരണത്തിനുപിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്നും മത്സരത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ്  കാരണമെന്നും പോലീസ് അറിയിച്ചു.

 

 

 

 

Latest