Idukki
ഇടുക്കിയില്‍ കീടനാശിനി കലർന്ന മദ്യം കുടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
ഇന്ന് രാവിലെയായിരുന്നു മരണം.
അടിമാലി | ഇടുക്കി അടിമാലിയില്‍ കീടനാശിനി കലർന്ന മദ്യം കുടിച്ച് ചികിത്സയിലായിരുന്ന യുവാക്കളിലൊരാൾ മരിച്ചു. കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം.
മൂന്ന് പേരാണ് മദ്യം കഴിച്ച് അവശനിലയിലായത്. വഴിയില്‍ നിന്ന് കിട്ടിയ മദ്യമാണ് കുടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഉപേക്ഷിച്ച നിലയിലുള്ള മദ്യമെടുത്ത് കുടിക്കുകയായിരുന്നു. കീടനാശിനി കലർത്തി വഴിയിൽ ഉപേക്ഷിച്ച മദ്യമായിരുന്നു ഇത്.
കുഞ്ഞുമോന് പുറമെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവരാണ് മദ്യം കുടിച്ച് അവശനിലയിലായത്. കുഞ്ഞുമോനെ ആദ്യം ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്ന് പുറത്താക്കിയെങ്കിലും അപസ്മാരം പിടിപെടുകയായിരുന്നു.