book review
സര്‍ഗാത്മക അധ്യാപനത്തിനൊരു മാനിഫെസ്റ്റോ
ആമുഖക്കുറിപ്പില്‍ എഴുത്തുകാരന്‍ ഈ കൃതിയുടെ പിറവിയെക്കുറിച്ച് പറയുന്നു. ഈ പുസ്തകരചനക്കായി കേരളത്തിലെ നൂറ് കണക്കിന് വിദ്യാലയങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

മുമ്പിലിരിക്കുന്ന കുട്ടികള്‍ അധ്യാപനത്തെ അത്യാഹ്ലാദത്തോടെ സ്വീകരിക്കുന്നുവെങ്കില്‍ ആ അധ്യാപനം സംഗീതാത്മകമാകും. ഏറെ സര്‍ഗാത്മകവും പുതിയ സമര്‍പ്പണവുമാകും. വിദ്യാഭ്യാസ രംഗത്തെ പരീക്ഷണങ്ങളും ഗവേഷണങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ഏറെ സമയം മാറ്റിവെക്കുന്നു, അധ്യാപകരും ഗവേഷകരും സര്‍ക്കാര്‍ സംവിധാനങ്ങളും. അത്തരമൊരു ഘട്ടത്തിലാണ് പാഠം ഒന്ന്, അധ്യാപനം സര്‍ഗാത്മകം എന്ന ഡോ. ടി പി കലാധരന്‍ മാഷിന്റെ പുതിയ പുസ്തകം വായനക്കെത്തിയിരിക്കുന്നത്.
അധ്യാപനത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കേ ഇതുപോലൊരു പുസ്തകം രചിക്കാനാകൂ. ഈ രംഗത്തെ മികവും തികവും വിരല്‍ചൂണ്ടി പൊതുസമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കാനുമാകൂ. ഗവേഷണ പാതയില്‍ സഞ്ചരിക്കുന്ന അധ്യാപകര്‍ക്കോ വിദ്യാലയങ്ങള്‍ക്കോ ഈ രംഗത്ത് മുന്‍കൂട്ടി തയ്യാറാക്കിവെച്ച മാതൃകകളില്ല. ഓരോരുത്തരും ചെയ്യുന്ന ഗവേഷണങ്ങളുടെ വിജയം മധുരതരമാകുമ്പോള്‍ അതിനിടയില്‍ അനുഭവിച്ച കയ്പ്പും മധുരവും ചേര്‍ത്തുവെച്ച അനുഭവങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ് ഈ പുസ്തകം.
ആ തരത്തില്‍ 415 പേജുകളുള്ള ഈ കൃതിയില്‍ 15 അധ്യായങ്ങളിലായി പറഞ്ഞുവെക്കുന്നത് പുതുകാല വിദ്യാഭ്യാസരംഗത്തെ മികവിന്റെ വഴിയടയാളങ്ങളാണ്. അതിലുപരി സര്‍ഗാത്മകചന്തവും ചിന്തയും പകരുന്ന വിദ്യാലയക്കാഴ്ചകളെ കാണാം. സ്‌നേഹത്തിന്റെ ബോധനശാസ്ത്രം എങ്ങനെയായിരിക്കണമെന്ന് കേള്‍ക്കാം. കരുതലിന്റെ വിദ്യാഭ്യാസമാണ് നമ്മുടേതെന്ന് ഉറക്കെ പറഞ്ഞുവെക്കുന്നു. ആവിഷ്‌കാരത്തിന്റെ ബദല്‍ സാധ്യതകളെ ചങ്കൂറ്റത്തോടെ അനാവരണം ചെയ്യുന്നു. അധ്യാപക ഗവേഷകക്കൂട്ടത്തെ ഹൃദ്യമായി പരിചയപ്പെടുത്തുന്നു, നിരന്തര വിലയിരുത്തലിന്റെ സാധ്യത തേടിയവരെയും. വിദ്യാലയങ്ങളിലെ ജനാധിപത്യാനുഭവത്തെക്കുറിച്ചാണ് മറ്റൊരു സംവാദം. ഇടക്കിടെ വിദ്യാലയങ്ങളുടെ പ്രതിച്ഛായയിലേക്ക് കണ്ണും കാതും തിരിച്ചുവെക്കുന്നുമുണ്ട് എഴുത്തുകാരന്‍. മലയാളമാണ് മറുപടി എന്നതാണ് അവസാനത്തെ അധ്യായം. തീര്‍ച്ചയായും അധ്യാപനത്തെ ഹൃദയത്തിലേറ്റുന്നവര്‍ക്കുള്ള മികച്ച മാനിഫെസ്റ്റോ തന്നെയാണിത്.
ഓരോ അധ്യായത്തിന്റെയും മുകളില്‍ പ്രമുഖരുടെ ഉദ്ധരണികളോടെയാണ് തുടങ്ങുന്നത്. സുകുമാര്‍ അഴീക്കോടിന്റെ ഈ വാക്കുകള്‍ അതിലൊന്നുമാത്രം.ക്ലാസ്സെടുക്കുമ്പോള്‍ വെളിയിലൂടെ ആരെങ്കിലും പോകുന്നുവെങ്കില്‍ വിദ്യാര്‍ഥി എത്തിനോക്കും. കുട്ടിക്ക് ക്ലാസ്സ് മുറി തടവറയാകുന്നതിനാലാണത്. ക്ലാസ്സ് മുറിയുടെ ചുമരും മേല്‍ക്കൂരയും തകര്‍ത്ത് പുതിയ ലോകവും പുതിയ ആകാശവും അധ്യാപകര്‍ പ്രദാനം ചെയ്താല്‍ കൂട്ടി വെളിയിലേക്ക് നോക്കിയിരിക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര പ്രസക്തമാണ്. ഇതുപോലെയുള്ള മഹത് വചനങ്ങളെ ഓരോ അധ്യായത്തിന്റെ തുടക്കത്തിലും ചേര്‍ത്തിട്ടുണ്ട്.
ഈ കൃതി ഒരു അക്കാദമിക യാത്രാ വിവരണമാണ്. വസ്തുതകളെ, വിദ്യാലയങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ അക്കാദമികമായി നോക്കിക്കണ്ട ഒരു യാത്ര. ആ യാത്രയില്‍ കേട്ടതും കണ്ടതുമായ കാര്യങ്ങളെ സത്യസന്ധമായി അനാവരണം ചെയ്യാന്‍ ഡോ. ടി പി കലാധരൻ മാഷിന് കഴിഞ്ഞിട്ടുണ്ട് എന്ന് അവതാരികയില്‍ ഖാദർ കമ്മിറ്റി കമ്മിഷന്‍ അംഗമായ ഡോ. സി രാമകൃഷ്ണന്‍ പറയുന്നുണ്ട്. വായന തീരുമ്പോള്‍ ആ വാക്കുകള്‍ക്ക് താഴെ അടിവരയിടാതിരിക്കാനാകില്ല.
ആമുഖക്കുറിപ്പില്‍ എഴുത്തുകാരന്‍ ഈ കൃതിയുടെ പിറവിയെക്കുറിച്ച് പറയുന്നു. ഈ പുസ്തകരചനക്കായി കേരളത്തിലെ നൂറ് കണക്കിന് വിദ്യാലയങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. അവിടുത്തെ അധ്യാപകരുമായാണ് സംവദിച്ചത്. വിവിധ പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. അവയെല്ലാം ആവേശത്തോടെ ചൂണ്ടുവിരല്‍ എന്ന ബ്ലോഗില്‍ കുറിച്ചിട്ടു. ആയിരത്തിലധികം പോസ്റ്റുകളായി അത് ബ്ലോഗില്‍ നിറഞ്ഞു. അത് വായിക്കാനായി പതിനെട്ട് ലക്ഷത്തിലധികം വായനക്കാരാണ് വന്നെത്തിയത്. അങ്ങനെയാണ് കലാധരന്‍ മാഷിന്റെ കുറിപ്പുകള്‍ ഒരു പുസ്തകമായി മാറിയത്.
പുതിയ പഠന രീതിപ്രകാരം പഠിച്ചാല്‍ ക്ലാസ്സില്‍ എന്തു പരിവര്‍ത്തനം സംഭവിക്കുമെന്ന് അദ്ദേഹത്തിന് ചിലരെ സമർഥിക്കണമായിരുന്നു. അധ്യാപകരില്‍ ആത്മവിശ്വാസം സൃഷ്ടിക്കണമായിരുന്നു. പുതിയ പഠന സമീപനത്തെ മാനിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് തെളിവുകള്‍ നല്‍കണമായിരുന്നു. വിമര്‍ശകരെ ബോധ്യപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണമായിരുന്നു.
ഗവേഷണാത്മകവും സര്‍ഗാത്മകവുമായി ഇടപെട്ട അധ്യാപകരെ ചേര്‍ത്തുനിര്‍ത്തുകയും വേണം. അവരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അനുഭവങ്ങളാണ് ഏറെയും ഈ പുസ്തകത്തില്‍. ചില വിദ്യാലയങ്ങളുടെ, വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ അധ്യാപകരുടെ പ്രവൃത്തികളെ ഹൃദയത്തില്‍ തട്ടി അഭിനന്ദിക്കാനും ഈ കൃതി മുന്നോട്ടുവരുന്നു.
കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ മികവുതെളിയിച്ച വിദ്യാലയങ്ങളുടെ ലിസ്റ്റ് ചന്ദ്രന്‍മാഷ് സംഘടിപ്പിച്ചു. അദ്ദേഹം അക്കാദമിക സമരത്തിലേര്‍പ്പെട്ടു. കുട്ടികള്‍ കുറഞ്ഞു ആര്‍ക്കും വേണ്ടാതെ ശോഷിച്ചുപോയ സ്‌കൂളിനെ മികച്ച അക്കാദമിക സ്ഥാപനമാക്കിമാറ്റി. വളരെ വ്യത്യസ്തവും വേറിട്ടതുമായ കാര്യങ്ങളാണ് ഈ വിദ്യാലയത്തില്‍ സംഭവിച്ചത്. അതുപോലെ വിഭിന്നമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്കും ഈ കൃതി വെളിച്ചം വീശുന്നു. ആരാലും അറിയപ്പെടാത്ത അധ്യാപകരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ എ പ്ലസ് നോക്കി പരിചയപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരുപാട് അധ്യാപകര്‍, വിദ്യാലയങ്ങള്‍, അവരിലേക്കുള്ള ചിത്രവും ചരിത്രവും കൂടിയാകുന്നു. ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇങ്ക് ബുക്ക് പേരാമ്പ്രയാണ്. വില 650 രൂപയാണ്.