Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായി കടലവകാശ നിയമം നിര്‍മ്മിക്കണം; ജോസ് കെ മാണി കേന്ദ്ര ഫിഷറീസ് സഹവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

വനാവകാശ നിയമ  മാതൃകയില്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അവകാശം ഉറപ്പാക്കുന്ന നിയമം നിര്‍മ്മിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി |  ആദിവാസിബഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഉപജിവനത്തിനും വാസസ്ഥലത്തിനും വനത്തില്‍ അവകാശം ഉറപ്പാക്കുന്ന  വനാവകാശ നിയമ  മാതൃകയില്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അവകാശം ഉറപ്പാക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി.

കടല്‍ത്തീരങ്ങളില്‍ രൂപംകൊണ്ട മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ തീരദേശ പരിപാലന നിയമത്തിന്റെ അടക്കം വിവിധ നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നകാലം മുതല്‍ കടലോര ജനവാസകേന്ദ്രങ്ങളുടെ ഘടനയാകെ താളം തെറ്റി.കടലാക്രമണങ്ങളും തീരശോഷണവും നിമിത്തം വീടുകള്‍ നഷ്ട്ടപ്പെട്ട് ഭവനരഹിതരാകുമ്പോള്‍ നിലവിലെ നിയന്ത്രണങ്ങള്‍ കാരണം പലപ്പോഴം മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് നിന്നും മാറി താമസിക്കേണ്ട അവസ്ഥയാണ്. ഗുരുതരമായ പ്രതിസന്ധിയാണ് ഉപജീവനത്തിനായി തൊഴിലെടുക്കുന്നതിനും ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്നത്.

മത്സ്യത്തൊഴിലാളി ആവാസമേഖലകള്‍ രൂപപ്പെടുത്തുന്നതില്‍ തീരദേശ പരിപാലന നിയമങ്ങള്‍ പോലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്നതിനുള്ള അവകാശം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ തീരമേഖലയോട് ചേര്‍ന്ന് പുനരധിവാസത്തിനുള്ള അവകാശം, തീരശോഷണവും കടല്‍ക്ഷോഭവുംമൂലം ഭവനരഹിതരാകുന്നവര്‍ക്ക് അതേ തീരത്തോ തൊട്ടടുത്ത കടല്‍ത്തീരത്തോ പൊതുഭൂമി ഏറ്റെടുത്ത് കിടപ്പാടം നിര്‍മ്മിച്ച് ലഭിക്കുന്നതിനുള്ള അവകാശം,അത്തരം പുനരധിവാസത്തിന് തീരഭൂമി ഏറ്റെടുക്കുന്നത് തടസ്സം നില്‍ക്കുന്ന നിയമനിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്കുള്ള അവകാശം,കപ്പല്‍ച്ചാലുകള്‍, തുറമുഖങ്ങള്‍ എന്നിവ സമുദ്രതീരം ചേര്‍ന്ന് രൂപപ്പെടുത്തുമ്പോള്‍ മത്സ്യബന്ധനത്തിന് നേരിടുന്ന തടസ്സങ്ങള്‍ക്ക് പകരമായി സമാന തീരങ്ങളിലേക്ക് മാറുന്നതിനുള്ള അവകാശം ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും സമ്പൂര്‍ണ്ണവുമായ ‘കടലവകാശനിയമം ‘ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചത്.

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാക്കള്‍ക്കൊപ്പമാണ് ജോസ് കെ മാണി കേന്ദ്ര സഹമന്ത്രിയെ കണ്ടത്.മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം സംസ്ഥാന നേതാക്കളായ ബേബി മാത്യു കാവുങ്കല്‍, ജോസി പി തോമസ് , ജിമ്മി വര്‍ഗീസ് പയ്യപ്പള്ളി തുടങ്ങിയവര്‍ നിവേദകസംഘത്തില്‍ ജോസ് കെ.മാണിക്കൊപ്പമുണ്ടായിരുന്നു.