Kerala
ഭര്‍തൃമതിയായ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കയറി ജീവനൊടുക്കി
പൂന്തുറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്
തിരുവനന്തപുരം | ഭര്‍തൃമതിയായ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആത്മഹത്യ.
അരുണും സന്ധ്യയും സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വര്‍ഷം മുന്‍പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇവര്‍ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. വ്യാഴാഴ്ച റോഡില്‍വച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിക്കുകയും അരുണ്‍ ഓടിച്ച കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. അരുണിന് കൈക്ക് കുത്തേല്‍ക്കുകയും ചെയ്തു.
ഇന്നലെ കത്തിയുമായാണ് സന്ധ്യ അരുണിന്റെ വീട്ടിലേക്ക് എത്തിയത്. സന്ധ്യ വീട്ടിലേക്ക് വരുമ്പോള്‍ അരുണ്‍ വീട്ടില്‍ ഇല്ലായിരുന്നു. അരുണിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളില്‍ കയറിയ സന്ധ്യ അരുണിന്റെ മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങാതിരുന്നതോടെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സന്ധ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഫോണ്‍: 1056, 04712552056)