Connect with us

Kerala

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; വീട്ടില്‍ 20 കിലോ കഞ്ചാവ് ശേഖരിച്ച് ദമ്പതികള്‍

കിടപ്പുമുറിയില്‍ മൂന്ന് ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്

Published

|

Last Updated

തിരുവനന്തപുരം | വീട്ടില്‍ കഞ്ചാവ് ശേഖരിച്ച് വില്‍പ്പന നടത്തിയ ദമ്പതികള്‍ അടക്കം തലസ്ഥാന ജില്ലയില്‍ മയക്കുമരുന്നു സംഘങ്ങള്‍ പിടിയില്‍. നെടുമങ്ങാടാണ് ദമ്പതികള്‍ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി.

നെടുമങ്ങാട് എക്‌സൈസ് സംഘമാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ മൂന്ന് ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയില്‍ കഞ്ചാവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭര്‍ത്താവ് മനോജ് ഓടി രക്ഷപ്പെട്ടു. ഭാര്യ ഭുവനേശ്വരി എക്‌സൈസിന്റെ കസ്റ്റഡിയിലാണ്.

പാറശാലയിലും നെടുമങ്ങാടും നിന്നായി 40 കിലോയോളം കഞ്ചാവ് എക്‌സൈസ് പിടികൂടി. പാറശ്ശാല റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരും പിടിയിലായി. നെടുമങ്ങാട്ടെ വാടകവീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ദമ്പതികളാണ് പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരെ പിടികൂടി. വലിയതുറ സ്വദേശിയായ ചന്ദ്രന്‍, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാര്‍, രഞ്ചന്‍ ഖുറാ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ഒഡിഷയില്‍ നിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കഞ്ചാവ് കേസില്‍ രണ്ടുപേര്‍ പിടിയിലായിരുന്നു. അവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം നെടുമങ്ങാട് പരിശോധന നടത്തിയത്. ആര്യനാട് സ്വദേശികളായ ഇവര്‍ രണ്ടുമാസമായി നെടുമങ്ങാടാണ് താമസം.

 

Latest