experiance
പെരുമയേറിയ പൈപ്പുപാലം
ഉപ്പളത്തിനു വെള്ളം പന്പ് ചെയ്യുന്ന പമ്പ്ഹൗസ് കടലിനുള്ളിലേക്ക് തള്ളിയിട്ടാണ് സ്ഥിതിചെയ്തിരുന്നത്. ഞങ്ങളെത്തുമ്പോൾ പൈപ്പിനു മുകളിൽ വരിവരിയായി നിരവധി കുട്ടികളുണ്ടായിരുന്നു. അവർ അതിലിരുന്ന് കടലിൽ ചൂണ്ടയിടുകയായിരുന്നു. വടക്കു ദിക്കിൽ തൂത്തുക്കുടി തുറമുഖത്തിന്റെ മങ്ങിയ ഛായയിൽ വെയിൽ അലിഞ്ഞുചേർന്നു.
പുന്നക്കായലിൽ കാണാനുള്ളത് സിംലസ് ബീച്ചാണ്. ആ കടൽത്തീരത്ത് ചെന്നുപറ്റാൻ ഒരൽപ്പം സാഹസികത ആവശ്യമുണ്ട്. വഴികാട്ടികളായ കുട്ടികൾ ഞങ്ങൾക്കു മുന്നിൽ നടന്നു. പുന്നക്കായലിന്റെ മറ്റൊരു ഭാഗത്താണ് ഞങ്ങളിപ്പോൾ. കായൽ താണ്ടിപ്പോകാൻ അവിടെ പാലമുണ്ടായിരുന്നില്ല. പതിവനുസരിച്ച് ഉടുതുണിയൂരി കൂട്ടുവന്ന കുട്ടികൾ കായൽ നടന്നു കയറി. പിന്നാലെ ഞങ്ങളും. കരകയറിയപ്പോൾ അതൊരൽപ്പം നടന്നപ്പോൾ പിന്നെയും ജലത്തടസ്സം. അതു താണ്ടാൻ എളുപ്പമാണ്. കടലിൽ നിന്നും ഉപ്പളങ്ങളിലേക്ക് വെള്ളം പമ്പുചെയ്തു കൊണ്ടുപോകുന്ന കൂറ്റൻ പൈപ്പുകളെ താങ്ങാനൊരു പാലമുണ്ട്. അതിലൂടെ അതു മുറിച്ചു കയറിപ്പോകണം. ആ നടത്തത്തിനിടയിൽ പൈപ്പുതാങ്ങികളായ പലകക്കഷ്ണങ്ങൾക്കിടയിലൂടെ താഴേക്ക് നോക്കിയപ്പോൾ കായലും ഒപ്പം അനങ്ങുന്നതായ ഭ്രമത്തിൽപ്പെട്ടുപോയി.
പൈപ്പുപാലം ഇറങ്ങിയാലെത്തുന്ന ദ്വീപുമാതിരിയുള്ള ഇത്തിരിയിടത്ത് സെന്റ് ജോസഫ് ചർച്ചാണുള്ളത്. നമ്മുടെ നാട്ടിൻപുറത്ത് സാധാരണയായി കണ്ടിരുന്ന വാതിലുകളില്ലാത്ത തെക്കതു മാതിരിയൊരു നിർമിതിയാണ് സെന്റ് ജോസഫ്‌സ് ചർച്ച്. അവിടെത്തമ്പടിച്ച വിജന, ആ പനമരത്തണലിൽ ഞങ്ങൾ ഒന്നിരുന്നു. അവിടെ മറക്കാപ്പിറവികൾ കണ്ടു. ഒരു പറ്റം ആടുകൾ മേയുന്നു. അവയൊന്നിനു പുറകെ മറ്റൊന്നായി രണ്ടെണ്ണമാണ് നിന്ന നിൽപ്പിൽ പ്രസവിച്ചതും ഉണ്ണികളെ ഞങ്ങൾക്ക് കാട്ടിത്തന്നതും. ബീച്ചു കണ്ടു മടങ്ങിയപ്പോൾ അവരെ വീണ്ടും തിരഞ്ഞു. ആ അമ്മമാരെയും കുഞ്ഞുങ്ങളേയും കണ്ടില്ല. അവ ഇടയവസതിയിലേക്ക് പോയിട്ടുണ്ടാകും.
ഉപ്പളത്തിനു വെള്ളം പന്പ് ചെയ്യുന്ന പമ്പ്ഹൗസ് കടലിനുള്ളിലേക്ക് തള്ളിയിട്ടാണ് സ്ഥിതിചെയ്തിരുന്നത്. ഞങ്ങളെത്തുമ്പോൾ പൈപ്പിനു മുകളിൽ വരിവരിയായി നിരവധി കുട്ടികളുണ്ടായിരുന്നു. അവർ അതിലിരുന്ന് കടലിൽ ചൂണ്ടയിട്ടു കൊണ്ടിരുന്നു. വടക്കു ദിക്കിൽ തൂത്തുക്കുടി തുറമുഖത്തിന്റെ മങ്ങിയ ഛായയിൽ വെയിൽ അലിഞ്ഞുചേർന്നു.
സിംലസ് ബീച്ചിന്റെ പഞ്ചാരമണലോരം കടലിലേക്ക് പ്രകടമായ രീതിയിൽ ചെരിഞ്ഞു കിടന്നു. തിരകൾ അയാസം കയറിയിട്ടും മുകളിലെത്താതെ തോറ്റു പിന്മാറി. അവിടെയും കുട്ടികളുടെ സാന്നിധ്യം ശ്രദ്ധേയമായുണ്ടായിരുന്നു. അവരിങ്ങനെ പുഴിപ്പരപ്പിൽ കുഴികളെടുത്തു കാത്തു നിന്നാലെന്തു കിട്ടാനാണ്? ആകാംക്ഷാപൂർവം അൽപ്പസമയം നോക്കി നിന്നപ്പോഴല്ലേ ആ മീൻപിടിത്ത വിദ്യ മനസ്സിലായത്. തിരയിറങ്ങി വെള്ളം വലിയുമ്പോൾ അവരുടെ വാരിക്കുഴിയിൽ മീനുകൾ പിടയ്ക്കുന്നു. കുഴിയൊരുക്കി മീനെടുക്കുന്ന പരിപാടിയൊരു പുതുപാഠമായി മനസ്സിൽക്കൊണ്ടു. നീലനിറം തുളുമ്പുന്ന ആകാശമായിരുന്നു സിംലസ് ബീച്ചിനപ്പോളുണ്ടായിരുന്നത്.
കിഴക്കൻ തീരത്തെ വിദേശാധിപത്യത്തിന്റെ പാടുകൾ പുന്നക്കായൽ ചരിത്രത്തിൽ പലരീതിയിലാണ് മുദ്രണം ചെയ്തിരിക്കുന്നത്. 1663 ൽ ഡച്ചുകാർ പുന്നക്കായലിലെത്തി. അങ്ങനെ പഴമയെ ചുരുക്കാം. ചരിത്രം തുടർന്നു തൂത്തുക്കുടി വഴിക്കാണ് നീങ്ങിയത്. തൂത്തുക്കുടിയൊരു സുപ്രധാന തുറമുഖവും വ്യവസായിക കേന്ദ്രവുമായി മാറിയതോടെ പുന്നക്കായലിന് പ്രൗഢിയാർജിക്കാനാകാതെ പോയി. സായാഹ്നം മൂക്കാനൊരുങ്ങുമ്പോൾ ഫാദർ ഏർപ്പാടാക്കിയ ബൈക്കുകൾ ഞങ്ങളുമായി ആത്തൂരിലേക്ക് ചീറിപ്പാഞ്ഞു. അവിടെ ലഹളക്ക് ശമനം വന്നിരുന്നു. അടുത്ത ബസിൽ കുറുമ്പൂർ വഴി തിരുനെൽവേലിക്ക്.