Connect with us

From the print

പോലീസ് ഉദ്യോഗസ്ഥരുടെ യോഗം; ഗുണ്ടകളെ പൂട്ടും

യോഗം വിളിച്ചത് മുഖ്യമന്ത്രി • 26 ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും

Published

|

Last Updated

തിരുവനന്തപുരം | ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. സംസ്ഥാന പോലീസ് മേധാവിയും വിവിധ മേഖലകളിൽ ക്രമസമാധാന ചുമതലകളുള്ള എ ഡി ജി പിമാരും യോഗത്തിൽ പങ്കെടുക്കും. സമകാലിക പ്രശ്‌നങ്ങളും പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തിൽ ചർച്ചയാകും. പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എ ഡി ജി പിമാർ ഉൾപ്പെടെ 26 ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കാണ് യോഗത്തിൽ പങ്കെടുക്കാൻ നിർദേശം ലഭിച്ചത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളിലും പന്തീരാങ്കാവ് പീഡന കേസിലും പോലീസിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്തുക, ഗുണ്ടാ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിലായിരിക്കും യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അജൻഡ ഇല്ലാതെയാണ് യോഗം വിളിച്ചത്. ആഭ്യന്തര വകുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള പതിവ് യോഗമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Latest