Connect with us

Kerala

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം സുപ്രിംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും. ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

അതേസമയം ഇടുക്കി ജില്ലയിലെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിര്‍ദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്നുദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിര്‍ത്തിയിലെ വില്ലേജുകള്‍, ബഫര്‍ സോണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച വില്ലേജുകള്‍ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരോട് ആണ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Latest