Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പ്രതിക്ക് 12 വര്‍ഷം കഠിനതടവും 2.1 ലക്ഷം രൂപ പിഴയും

കോന്നി പയ്യനാമണ്‍ തേക്കുമല പുത്തന്‍ വീട്ടില്‍ രാജേഷ് (35) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പ്രതിക്ക് 12 വര്‍ഷം കഠിനതടവും 2,10,000 രൂപ പിഴയും. കോന്നി പയ്യനാമണ്‍ തേക്കുമല പുത്തന്‍ വീട്ടില്‍ രാജേഷ് (35) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പോക്സോ നിയമത്തിലെ വകുപ്പുകള്‍ 6, 5 പ്രകാരം 10 വര്‍ഷവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 451 പ്രകാരം രണ്ടു വര്‍ഷവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടാഴ്ചയും അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.

2015 ആഗസ്റ്റില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കിടപ്പുമുറിയില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പല ദിവസങ്ങളില്‍ ലൈംഗിക വേഴ്ചക്ക് വിധേയയാക്കി. മാത്രമല്ല, ഇതിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.

2017ലാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, കോന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്നത്തെ എസ് ഐ. ബി രാജഗോപാല്‍ രജിസ്റ്റര്‍ ചെയ്ത കേസ്, അടൂര്‍ ഡി വൈ എസ് പി ആയിരുന്ന എസ് റഫീഖ് അന്വേഷിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി ഡി വൈ എസ് പി. ആര്‍ ജോസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്‌സണ്‍ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എ എസ് ഐ. ഹസീന കോടതി നടപടികളില്‍ സഹായങ്ങള്‍ നല്‍കി.