Kerala
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടര്‍ന്ന്, പരിചയത്തിലാവുകയും 2022 ഏപ്രിലില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു
പത്തനംതിട്ട | സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് എബ്രഹാം(21) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടര്‍ന്ന്, പരിചയത്തിലാവുകയും 2022 ഏപ്രിലില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി, മറ്റൊരു ദിവസവും വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു.
പിന്നീട് 2023 മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴര വയസ്സായിരുന്നു പ്രായം. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് പെണ്‍കുട്ടി.
പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ് സജികുമാര്‍ ആണ് കേസെടുത്തത്. നിലല്‍വില്‍ പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടറുടെ അധികചുമതലയുള്ള കീഴ്വായ്പ്പൂര്‍ എസ് എച്ച് ഓ വിപിന്‍ ഗോപിനാഥ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. അന്വേഷണസംഘത്തില്‍, എസ് ഐ കുരുവിള സക്കറിയ, സി പി ഒ നവീന്‍ എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.