Kerala
പറ്റിയത് ചെറിയ പിഴവ്; ശശി തരൂര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല: എം എം ഹസന്‍
ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍

തിരുവനന്തപുരം | മലബാര്‍ പര്യടനം നടത്തുന്ന ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. പര്യടനം ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും എം എം ഹസന്‍ പറഞ്ഞു.
എന്നാല്‍ ശശി തരൂരിന്റെ മലബാര്‍ പര്യടന വിവാദത്തിനിടെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെ പി സി സി അച്ചടക്ക സമിതി രംഗത്തെത്തി. നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. സമാന്തരമായ പ്രവര്‍ത്തനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാവൂ. പാര്‍ട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികള്‍ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിര്‍ദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.