Connect with us

From the print

സുന്നി വിശ്വാസങ്ങൾക്ക് പരിഹാസം; പി എം എ സലാമിന്റെ പ്രസംഗം വിവാദത്തിൽ

ചേരിതിരിഞ്ഞുള്ള വിമർശവുമായി ഇ കെ വിഭാഗം

Published

|

Last Updated

കോഴിക്കോട് | പാരമ്പര്യ മുസ്‌ലിം വിശ്വാസങ്ങളെ പരിഹസിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പാർട്ടി വേദിയിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. ആലുവയിൽ ജില്ലാ മുസ്‌ലിം ലീഗ് ക്യാമ്പിൽ നടത്തിയ പ്രസംഗത്തിലാണ് ത്വരീഖത്ത്, ഇമാം, മുരീദ്, തവസ്സുൽ തുടങ്ങിയ സുന്നീ ആശയങ്ങളെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത്. പ്രസംഗത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ ലീഗ്, ഇ കെ വിഭാഗം, മുജാഹിദ് പ്രവർത്തകർ ചേരിതിരഞ്ഞ് വാദപ്രതിവാദങ്ങളുമായി രംഗത്തെത്തി.

“സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ഗ്രൂപ്പ്. അതിനപ്പുറം ഒരു ത്വരീഖത്തിന്റെ ഇമാമുമാരെയും നമുക്ക് ആവശ്യമില്ല, ഒരു ജില്ലയിലും. എന്തിനാ ഇങ്ങനെ മുരീദന്മാരായി നടക്കുന്നത്? എന്തിനാ അതിന്റെ ആവശ്യം? നേരിട്ട് പടച്ചോനോട് പറഞ്ഞാ പോരേ? ഞാനതിന്റെ ആളാ. ഇടയാളമ്മാര് വേണ്ട.- എറണാകുളം ജില്ലയിൽ ലീഗിലെ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പിലെ ഈ പ്രസംഗ ഭാഗമാണ് വിവാദമായത്.

ഇ കെ വിഭാഗം ചേരി തിരിഞ്ഞാണ് പ്രസംഗത്തെക്കുറിച്ച് പ്രതികരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രസംഗം പ്രചരിച്ചതോടെ പ്രതിരോധത്തിലായ ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികൾ മുഖംരക്ഷിക്കാൻ സംയുക്ത പ്രസ്താവനയുമായി പൊടുന്നനെ രംഗത്തെത്തി. കെ എ റഹ്മാൻ ഫൈസി, യു ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി തുടങ്ങിയവരാണ് പരാമർശം തിരുത്തി വിശദീകരണം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടത്. ഇതോടെ, ഔദ്യോഗിക പക്ഷവും പ്രതികരണവുമായി രംഗത്തെത്തി. സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ ഇ കെ വിഭാഗം സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി, സ്വാദിഖലി തങ്ങൾക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചു. സുന്നി വിശ്വാസങ്ങളെയും ആദർശങ്ങളെയും പ്രത്യക്ഷമായി അപഹസിച്ചും ആക്ഷേപിച്ചും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസംഗത്തെ തുടർന്ന് സമൂഹത്തിലുണ്ടായ ആശയക്കുഴപ്പം ദൂരീകരിക്കണമെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവും കത്തിൽ ആവശ്യപ്പെട്ടു. ഇ കെ സമസ്ത നേതാക്കളെയും സംഘടനയെയും സലാം നേരത്തേയും അപമാനിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുന്നി വിശ്വാസ ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സലാമിനെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എന്നാൽ, ലീഗ് പ്രവർത്തകരും ഇ കെ വിഭാഗവും പ്രതിഷേധം ഉയർത്തിയിട്ടും തള്ളിപ്പറയാനോ പരാമർശങ്ങൾ തിരുത്താനോ സലാം തയ്യാറായില്ല. അതേസമയം, പ്രസംഗത്തിലെ പ്രയോഗങ്ങൾക്ക് മറ്റൊരു രീതിയിൽ “വ്യാഖ്യാനം വന്നതിൽ’ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗമാണെന്നും അദ്ദേഹം ന്യായീകരിച്ചു. ഇതിലെ സെക്കൻഡുകൾ ദൈർഘ്യമുള്ള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ കെ വിഭാഗം സമസ്തയെയും നേതാക്കളെയും നേരത്തേയും സലാം രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു. അന്ന് ലീഗ് നേതൃത്വത്തെ പരാതിയുമായി സമീപിക്കാൻ ഇ കെ വിഭാഗം ശ്രമിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം ചെവിക്കൊണ്ടില്ല. “ഞങ്ങൾക്ക് വേറെ പണിയുണ്ടെന്നാ’യിരുന്നു ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങൾ ഇതേ കുറിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. സലാമിന്റെ എറണാകുളം പ്രസംഗത്തോടെ വിഭാഗീയത കൂടുതൽ ചർച്ചയായി എന്ന അഭിപ്രായവും ലീഗിൽ ഉയർന്നിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest