National
അവിശ്വാസ പ്രമേയം അനുഗ്രഹമായി; ഇത് പ്രതിപക്ഷത്തിനുള്ള പരീക്ഷണം; മണിപ്പൂരിൽ ശാന്തിയുടെ സൂര്യനുദിക്കും: പ്രധാനമന്ത്രി
ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ന്യൂഡൽഹി | മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവർക്ക് തന്നെയുള്ള പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം അനുഗ്രമായെന്നും അത് കൊണ്ടുവന്നതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളുടെ ആശീർവാദത്തോടെ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് എൻ ഡി എയും ബിജെപിയും മഹത്തായ വിജയവുമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷം കരുതുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഞങ്ങളുടെ സർക്കാറിൽ ആവർത്തിച്ച് വിശ്വാസം അർപ്പിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി പറയാന് ആഗ്രഹിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.
2018 ലും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അത് അവരുടെ വിശ്വാസ വോട്ടെടുപ്പാണെന്നും സർക്കാരിന്റേതല്ലെന്നും അന്ന് താൻ പറഞ്ഞിരുന്നു, അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മണിക്കൂറിലധികം പിന്നിട്ട പ്രസംഗത്തിൽ അവസാന ഭാഗത്താണ് പ്രധാനമന്ത്രി മണിപ്പൂർ വിഷയം പരാമർശിച്ചത്. മണിപ്പൂരിൽ ശാന്തിയുടെ സൂര്യനുദിക്കുമെന്ന് മോദി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രവും സംസ്ഥാനവും പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തുടർച്ചയായി വന്ന കോൺഗ്രസ് സർക്കാരുകൾ അങ്ങേയറ്റം അസ്ഥിരമായ സാഹചര്യമാണ് അവശേഷിപ്പിച്ചതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ചും സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പ്രധാനമന്ത്രി മുന്നേറിയത്. പ്രസംഗം ഒരു മണിക്കൂർ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്ന് പ്രതിഷേധമുയർന്നു. മണിപ്പൂരിനെകുറിച്ച് പറയൂ എന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. പിന്നീട് സഭ വിട്ടു. ഇതിന് ശേഷമാണ് പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
- പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം പാർട്ടി രാജ്യത്തിന് മുകളിലാണ്; ജനങ്ങളുടെ വിശപ്പിനേക്കാൾ അവർക്ക് അധികാരത്തിനായുള്ള വിശപ്പിലാണ് താൽപ്പര്യം. പ്രതിപക്ഷത്ത് നടക്കുന്നത് മമത – അധിർ പോരാണ്.
- ഗൃഹപാഠം പോലും നടത്താതെയാണ് അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഈ പ്രമേയത്തെക്കുറിച്ച് നിങ്ങൾ എന്തുതരം ചർച്ചയാണ് നടത്തിയത്. കോൺഗ്രസ് സഭാ നേതാവിന് പ്രസംഗിക്കാൻ പോലും സമയം ലഭിച്ചില്ല. നിങ്ങളുടെ പ്രഭുക്കന്മാർ വളരെ സങ്കടത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ ഞാൻ കാണുന്നു. ഫീൽഡിംഗ് സംഘടിപ്പിച്ചത് പ്രതിപക്ഷമായിരുന്നുവെങ്കിലും ബൗണ്ടറികളും സിക്സറുകളും അടിച്ചത് ഞങ്ങളാണ്.
- എൻ ഡി എ സർക്കാർ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നു. ജനത്തിന് പ്രതിപക്ഷത്തിൽ വിശ്വാസമില്ല. കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു. അവർക്ക് നേതൃത്വമോ കാഴ്ചപ്പാടുകളോ ഇല്ല. 2024ലും ബിജെപിക്ക് റെക്കോർഡ് വിജയമുണ്ടാകും. എൻ ഡി എയുടെ മൂന്നാം ടേമിൽ രാജ്യം മൂന്നാമത്തെ ശക്തിയാകും. 2028ലും നിങ്ങൾക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാം.
- 21ാം നൂറ്റാണ്ട് ഇന്ത്യയുടെതാണ്. ശക്തമായ ഇന്ത്യക്കുള്ള അടിത്തറയിട്ടു. രാജ്യം വളർച്ചയുടെ നാഴികക്കല്ലുകൾ ഒന്നൊന്നായി പിന്നിടുകയാണ്. ലോകം ഇന്ന് ഇന്ത്യയുടെ സ്ഥാനം തിരിച്ചറിയുന്നു. ബാങ്കിംഗ് മേഖല സദൃഢമായ നിലയിലാണ്. സ്റ്റാർട്ട് അപ്പുകളിൽ വൻ വർധനയുണ്ടായി.
- ലോകാരോഗ്യ സംഘടന സ്വച്ഛ് ഭാരതിനെ വാഴ്ത്തി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി. അതിദാരിദ്ര്യം ഇന്ത്യ ഇല്ലാതാക്കിയെന്ന് ഐ എം എഫ് തന്നെ പ്രഖ്യാപിച്ചു. ജൽ ജീവൻ മിഷൻ നാല് ലക്ഷം കുടുംബങ്ങളിൽ എത്തി.
- പ്രതിപക്ഷത്തിന് പരിഹാസം: അധീര രഞ്ജൻ ചൗധരിക്ക് എന്തുപറ്റി? നിങ്ങളുടെ ബലഹീനത എന്താണ്? കൊൽക്കത്തയിൽ നിന്ന് ഫോൺ വന്നത് കൊണ്ടാണോ? അധീർ രഞ്ജൻ ചൗധരിയുടെ പേര് അവിശ്വാസ പ്രമേയ ചർച്ചയിൽ ഇല്ലായിരുന്നു. അദ്ദേഹത്തിന് അവസരം നൽകിയത് അമിത് ഷാ. സമയം ലഭിച്ചപ്പോൾ ശർക്കരയെ അദ്ദേഹം ചാണകമാക്കുകയും ചെയ്തു.
- സഖ്യത്തിന്റെ പേര് മാറ്റിയത് കൊണ്ട് വിജയിക്കാനാകില്ല. യുപിഎയുടെ അന്ത്യമായി. മരിച്ച യുപിഎ നവീകരിച്ചതാണ് ഇന്ത്യ. ബംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിൽ നടന്നത് യുപിഎയുടെ അന്ത്യ ക്രിയകൾ.
- പ്രതിപക്ഷത്തിന് വിശ്വാസം പാക്കിസ്ഥാനെയാണ്. ഇന്ത്യൻ സൈന്യത്തെയല്ല.