Connect with us

smrthi

ആത്മീയ ചൈതന്യം മേളിച്ച ബഹുമുഖ പ്രതിഭ

അതിഥികളെ സത്കരിക്കുന്നതിലും പാവങ്ങളെയും അശരണരെയും സഹായിക്കുന്നതിലും ഏറെ ശ്രദ്ധിച്ചു. അകലാട് ഖത്തീബായി സേവനം ചെയ്യുന്ന കാലത്ത് തന്നെ സമീപിച്ചുവരുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ബദ്ധശ്രദ്ധനായിരുന്നു. നിരാലംബര്‍ക്ക് ഒരു അഭയകേന്ദ്രമായിരുന്നു ഉസ്താദ് .

Published

|

Last Updated

ഹദീസ് പണ്ഡിതന്‍, കര്‍മശാസ്ത്ര വിശാരദന്‍, മുദർരിസ്, ഖത്തീബ്, സംഘടനാ നേതാവ് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഈയിടെ വിടവാങ്ങിയ കെ വി അബ്ദുല്ലക്കുട്ടി മുസ്്ലിയാര്‍ അകലാട.് ആച്ചപ്പുള്ളി കുഞ്ഞുമുഹമ്മദ് മുസ്്ലിയാരുടെയും വലിയകത്ത് തിത്തുണ്ണി ഉമ്മയുടെയും മകനായി 1936 ല്‍ അകലാട് ജനിച്ച ഉസ്താദ് പ്രാഥമിക മത വിദ്യാഭ്യാസം നേടിയത് പിതാവില്‍ നിന്നായിരുന്നു. അതോടൊപ്പം അകലാട് എ എം യു പി സ്‌കൂളിലും പഠിച്ചു.

നീണ്ട വര്‍ഷങ്ങള്‍ പഠനത്തിനായി അദ്ദേഹം ചെലവഴിച്ചു. അകലാട് മൊയ്തു മുസ്്ലിയാരില്‍ (ന.മ.) നിന്നാണ് കൂടുതല്‍ കാലം വിദ്യ നുകര്‍ന്നത്. പിന്നീട് വെളിയങ്കോട് ഖാസി ശൈഖുനാ കുഞ്ഞുട്ടി മുസ്്ലിയാര്‍ (ന.മ) അവര്‍കളുടെ ശിഷ്യനായി. ശേഷം 1970ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം. ജാമിഅ നൂരിയ്യയില്‍ കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ ഉലമയുടെയും പ്രിയപ്പെട്ട ശിഷ്യനായിരുന്നു. ഉസ്താദിന്റെ പിതാവ് ആച്ചപ്പുള്ളി കുഞ്ഞുമുഹമ്മദ് മുസ്്ലിയാരുമായി ഇരുവര്‍ക്കും ഉണ്ടായിരുന്ന ആത്മീയ ബന്ധം അതിന്റെ ഒരു സുപ്രധാന കാരണമായി. പഠനശേഷം ചാവക്കാടിനടുത്ത് എടക്കര ജുമുഅമസ്ജിദില്‍ മുദർരിസായും അകലാട് ജുമുഅ മസ്ജിദില്‍ ഖത്തീബായും സേവനം ചെയ്തു. പതിറ്റാണ്ടുകള്‍ അകലാട് മഹല്ല് ഖത്തീബായിരുന്നു. ആത്മീയ സദസ്സുകളില്‍ പ്രഭാഷകനായും ദുആ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കിയും സജീവ സാന്നിധ്യമായി. ആത്മീയ ജ്യോതിസ്സുകളായ മഹത്തുക്കളുടെ താങ്ങും തണലും ശൈഖുനാ അബ്ദുല്ല കുട്ടി മുസ്്ലിയാര്‍ക്ക് എന്നും ലഭിച്ചിട്ടുണ്ട്.

മഹാന്മാരുമായി ഉസ്താദ് നിരന്തരം ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. അഹ്്ലുസ്സുന്നയുടെ മുന്നണി പോരാളികളായ താജുല്‍ ഉലമ സയ്യിദ് അബ്ദുർറഹ്മാന്‍ ബുഖാരി, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് എന്നിവരുമായും അഭേദ്യമായ ബന്ധം പുലര്‍ത്തിയ ഉസ്താദ് അവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ്, ചാവക്കാട് ഐ സി സി വൈസ് പ്രസിഡന്റ്, അകലാട് മർകസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഴിക്കുന്നതിനിടയിലാണ് ഈ ലോകത്തോട് വിടപറയുന്നത്.

അതിഥികളെ സത്കരിക്കുന്നതിലും പാവങ്ങളെയും അശരണരെയും സഹായിക്കുന്നതിലും ഏറെ ശ്രദ്ധിച്ചു. അകലാട് ഖത്തീബായി സേവനം ചെയ്യുന്ന കാലത്ത് തന്നെ സമീപിച്ചുവരുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ബദ്ധശ്രദ്ധനായിരുന്നു. നിരാലംബര്‍ക്ക് ഒരു അഭയകേന്ദ്രമായിരുന്നു ഉസ്താദ് .

2022 ഡിസംബര്‍ 1 വ്യാഴാഴ്ച മഗ്്രിബിന് (1444 ജമാദുല്‍ അവ്വല്‍ 6 ) വഫാത്താവുകയും പിറ്റേ ദിവസം വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് അകലാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു. പിതാവിന്റെയും മാതാവിന്റെയും മഖ്ബറകള്‍ക്ക് സമീപം മഹാന്മാരായ ശൈഖ് അവറു മുസ്്ലിയാര്‍, സെയ്താലി മുസ്്ലിയാര്‍, ഇ വി മൊയ്തു മുസ്്ലിയാര്‍ (ന. മ) അബ്ദുട്ടി മുസ്്ലിയാര്‍ തുടങ്ങിയവരുടെ മഖ്ബറകളുടെ ചാരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

Latest