Connect with us

Editorial

ദേശീയമാനമുള്ള വിജയം

ജനകീയ വിഷയങ്ങളിലൂടെ ജനങ്ങളെ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും അവരുടെ ആവലാതികൾക്ക് പരിഹാരം നിർദേശിക്കുകയും പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി കാണിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന് ജനാധിപത്യ വിശ്വാസികൾക്കിടയിൽ വേരോട്ടമുണ്ടാകുമന്ന ഗുണപാഠമാണ് കർണാടക മുന്നോട്ട് വെക്കുന്നത്.

Published

|

Last Updated

ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച പിടിവള്ളിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നടത്തിയ കടുത്ത പോരാട്ടത്തെ അതിജീവിച്ചുള്ള ഈ വിജയം കോണ്‍ഗ്രസ്സ് വിയര്‍ത്തു നേടിയതാണ്. രാജസ്ഥാന് ശേഷം മറ്റൊരു വലിയ സംസ്ഥാനത്ത് കൂടി ഭരണം പിടിക്കാനായത്, ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആ പാര്‍ട്ടിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന പ്രഖ്യാപിത സ്വപ്നം കൊണ്ടുനടക്കുന്ന ബി ജെ പിക്ക്, ബി ജെ പി രഹിത ദക്ഷിണേന്ത്യയെന്ന തിരിച്ചടിയാണ് കന്നഡ മണ്ണില്‍ നിന്ന് ലഭിച്ചത്. ശക്തനായ നേതാവുണ്ടായിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണമില്ലെന്ന നാണക്കേടാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേരിടുന്നത്.

കോണ്‍ഗ്രസ്സിന് മാത്രമല്ല, മതേതര വിശ്വാസികള്‍ക്കും ഒരേസമയം ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്ന ഫലമാണിത്. തന്റെ എം പി സ്ഥാനം പോലും നഷ്ടമാകുന്നതിന് ഇടവരുത്തിയ പ്രസംഗം നടത്തിയ അതേ മണ്ണില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ സമീപ കാല തിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ ഏറ്റവും തിളക്കമുള്ള വിജയം നേടിയത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ സുപ്രധാന തിരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടില്‍ മികച്ച വിജയം നേടാനായത് മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ പ്രാപ്തമാക്കുന്ന ഫലമാണിത്. അതിനാല്‍ തന്നെ ഈ വിജയത്തിന് ദേശീയ മാനം കൈവരുന്നു. ദക്ഷിണേന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമായിരുന്നു കര്‍ണാടക. ഭരണ വിരുദ്ധ വികാരത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിത്തുകള്‍ പാകിയും വര്‍ഗീയ രാഷ്ട്രീയം അവസരോചിതമായി പയറ്റിയും അതിജയിച്ചുപോരുന്ന ബി ജെ പിയുടെ പതിവ് തന്ത്രമാണ് ഇവിടെ നിലംപരിശായത്.

അടുക്കും ചിട്ടയോടെയും പൂര്‍വോപരി ഐക്യത്തോടെയുമുള്ള പ്രചാരണവും പ്രാദേശിക വിഷയങ്ങളിലൂന്നി കോണ്‍ഗ്രസ്സ് നേടത്തിയ പ്രവര്‍ത്തനങ്ങളും ഫലം കണ്ടെന്ന് വേണം പറയാന്‍. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രചാരണയോട്ടം. മതവും സംവരണവും ജാതീയതയും ബി ജെ പി ആയുധമാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും പിടിപ്പുകേടും ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് വഴി മാറാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു. ബംജ്റംഗ്്ദള്‍ നിരോധനം ബി ജെപി ആയുധമാക്കിയപ്പോള്‍ ഹനുമാന്‍ ക്ഷേത്രനിര്‍മാണം പ്രചാരണമാക്കി നേരിടുകയും ചെയ്തു.

മാറിയ സാഹചര്യങ്ങളില്‍ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയുടെ തലപ്പത്ത് നില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ സ്വപ്നങ്ങള്‍ക്കും ഈ വിജയം ഊര്‍ജം പകരുന്നുണ്ട്. മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, നവീന്‍ പട്നായിക്, കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ ദേശീയ മോഹങ്ങളുള്ള പ്രാദേശിക നേതാക്കള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ്സിന് സധൈര്യം രാഹുലിനെ ഉയര്‍ത്തിക്കാട്ടാന്‍ ഈ വിജയം സഹായകരമാകും.
അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും കര്‍മശേഷിയും കൂടിയാണ് കര്‍ണാടകയില്‍ മാറ്റുരക്കപ്പെട്ടത്. ദേശീയ തലത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിന് ഊര്‍ജം സമ്മാനിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഫലം കൂടിയാണ് കര്‍ണാടകയിലെ ജയം. ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ എന്ന് പ്രഖ്യാപിച്ചുള്ള ആ നടത്തത്തിലൂടെ രാഹുലും കോണ്‍ഗ്രസ്സും ബഹുദൂരം മുന്നേറിയെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു.

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പല്ലും നഖവുമുപയോഗിച്ചെതിര്‍ക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ട കോണ്‍ഗ്രസ്സിന് ഉണര്‍വേകുന്നതാണ് കന്നഡപ്പോരിലെ വിജയ ലബ്്ധി. ജനകീയ വിഷയങ്ങളിലൂടെ ജനങ്ങളെ തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും അവരുടെ ആവലാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി കാണിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന് ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ വേരോട്ടമുണ്ടാകുമെന്ന ഗുണപാഠമാണ് കര്‍ണാടക മുന്നോട്ട് വെക്കുന്നത്.

പൊതുവേ ഇന്ത്യക്കാര്‍ സമാധാനപ്രിയരും സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്നവരുമാണ്. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഏത് സംവിധാനത്തോടും മമതയും സ്നേഹവും പുലര്‍ത്തുന്ന പാരമ്പര്യമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്.

വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും ഒരു ഭരണ കൂടത്തിനും ഏറെ നാള്‍ മുമ്പോട്ട് പോകാനാകില്ല. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ് ജനവിരുദ്ധ ഭരണകൂടങ്ങള്‍ വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കുന്നത്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളും വിവരാകാശ പ്രസ്ഥാനങ്ങളും ഏറെ വേരോട്ടം നേടിയ സമൂഹത്തില്‍ ഇത്തരം ഭരണകൂടങ്ങളുടെ നിലനില്‍പ്പ് താത്കാലികം മാത്രമായിരിക്കും. ഈയൊരു സന്ദേശമാണ് സമകാലീന ഇന്ത്യയോട് കന്നട നാട് വരച്ചുകാട്ടുന്നത്. ഇവിടെ ജയിച്ചു കയറിയ കോണ്‍ഗ്രസ്സിന് ജനാഭിലാഷത്തിനനുസരിച്ച് ഭരണം മുമ്പോട്ട് കൊണ്ടുപോകാനും ജനക്ഷേമവും വികസനവും പ്രാവര്‍ത്തികമാക്കാനും കഴിയട്ടേ.