Malappuram
മലപ്പുറം സ്വദേശി സഊദിയിൽ വാഹനാപകടത്തിൽ മരിച്ചു
അൽ റാസ് യൂനിറ്റ് ഐ സി എഫ് പ്രസിഡൻ്റായിരുന്നു മരിച്ച അബ്ദുൽ അസീസ്

ബുറൈദ | വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി സഊദിയിലെ അൽ ഖസീം പ്രവിശ്യയിലെ അൽ റാസിൽ വാഹനാപകടത്തിൽ മരിച്ചു. നൈവാതുക്കൽ അബ്ദുൽ അസീസ് (48) ആണ് ചൊവ്വാഴ്ച രാത്രി അപകടത്തിൽ മരിച്ചത്. അൽ റാസിൽ നിന്ന് 20 കി.മീ അകലെ റിയാദ് അൽ ഖുബ്റയിൽ വെച്ചായിരുന്നു അപകടം.
അൽ റാസ് യൂനിറ്റ് ഐസിഎഫ് പ്രസിഡൻ്റായിരുന്നു അബ്ദുൽ അസീസ്. മക്കയിലേക്ക് നടന്നു പോകുന്ന ശിഹാബ് ചോറ്റൂരിനെ കാണാൻ പോയി മടങ്ങും വഴി റിയാദ്- മദീനാ ഹൈവേയിലെ എക്സിറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിറകിൽ നിന്ന് വാഹനം വന്നിടിച്ചാണ് അപകടം എന്നാണ് വിവരം.
അൽ റാസ് ജനറൽ ഹോസ്പിറ്റലിലാണ് മയ്യിത്ത് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ തുടരുന്നു. നടപടി ക്രമങ്ങൾക്ക് അൽ റാസ് ഐസിഎഫ് നേതാക്കളും കെ എം സി സി യൂണിറ്റ് കമ്മിറ്റിയും നേതൃത്വം നൽകുന്നു. ഐ സി എഫ് പ്രതിനിധികളായ അബ്ബാസ് സഖാഫി ആലിപറമ്പ്, ഫാറൂഖ് ഹാജി കരുനാഗപ്പള്ളി, സിദ്ദിഖ് കണ്ണൂർ എന്നിവരാണ് അൽറാസ് ജനറൽ ആശുപത്രിയിൽ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
ഭാര്യ: ഹഫ്സത്ത്, മക്കൾ: ശംസിയ, താജുദ്ദീൻ, മാജിദ്. മരുമകൻ: സൽമാൻ. റിയാദിലുള്ള മകളും ബന്ധുക്കളും അൽറാസിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.
---- facebook comment plugin here -----