Connect with us

Editorial

കോണ്‍ഗ്രസ്സില്‍ പുത്തനുണര്‍വ്, രാഹുലിന് പുതിയ മുഖം

പ്രതിപക്ഷ നേതൃത്വങ്ങള്‍ ഇടുങ്ങിയ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ താത്കാലികമായെങ്കിലും മാറ്റിവെച്ച് രാജ്യത്തിന്റെ നിലവിലെ അവസ്ഥ കണ്ടറിഞ്ഞ് വിശാലമായൊരു രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് ഉയരുന്നില്ലെങ്കില്‍ ജോഡോ യാത്ര ഉയര്‍ത്തിക്കാട്ടിയ "പ്രതീക്ഷകളുടെ പുതിയ ഉദയ'ത്തിലേക്ക് ഇനിയും ദൂരങ്ങള്‍ താണ്ടേണ്ടി വരും.

Published

|

Last Updated

‘വിദ്വേഷം തോല്‍ക്കും, സ്നേഹം ജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകും’ എന്ന പ്രഖ്യാപനത്തോടെയാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്നലെ കശ്മീരിലെ ശ്രീനഗറില്‍ സമാപിച്ചത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4,080 കിലോമീറ്ററോളം താണ്ടിയ യാത്ര കോണ്‍ഗ്രസ്സ് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. പത്ത് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ബി ജെ പിയുടെ ജൈത്ര യാത്രക്ക് തടയിടാനും ജോഡോ യാത്ര അവസരമൊരുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്നങ്ങള്‍, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിച്ച് മോദി സര്‍ക്കാറിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. ഭീഷണമായൊരു സാഹചര്യത്തിലൂടെയാണിന്ന് ജനാധിപത്യ, മതേതരത്വ ഇന്ത്യ കടന്നു പോകുന്നത്. പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തിന് ചരമക്കുറിപ്പെഴുതി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇതിനായി സമയബന്ധിത പരിപാടി തന്നെ തയ്യാറാക്കിയിട്ടുണ്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രയാഗ് രാജില്‍ നടന്ന ഹിന്ദുത്വ സന്യാസിമാരുടെ യോഗം. ഈ ലക്ഷ്യത്തില്‍ ഒരു ഹിന്ദുത്വ ഭരണഘടനയും തയ്യാറായിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടവകാശം ഇല്ലാത്ത, ചാതുര്‍ വര്‍ണ്യമനുസരിച്ചുള്ള നിയമസംഹിതയുള്ള, വാരാണസി തലസ്ഥാനമായ ഒരു ഭരണമാണ് ഈ ഭരണഘടന വിഭാവനം ചെയ്യുന്നത്.

ഈയൊരു പശ്ചാത്തലത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും മതേതര കക്ഷികളെ ഒരു കുടക്ക് കീഴില്‍ അണിനിരത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നീക്കം അനിവാര്യമാണ്. ഭാരത് ജോഡോ യാത്രക്ക് ഈ ലക്ഷ്യം നേടാനായോ എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം നല്‍കാന്‍ പ്രയാസം. അതേസമയം രാഹുല്‍ ഗാന്ധിക്കൊരു പുതിയ മുഖവും രാഷ്ട്രീയ പ്രതിച്ഛായയും കൈവരാന്‍ യാത്ര സഹായകമായിട്ടുണ്ട്. കുടുംബ പാരമ്പര്യത്തിന്റെ തണലില്‍ ദേശീയ നേതൃത്വത്തിലെത്തിയ, പ്രവര്‍ത്തന നൈരന്തര്യമില്ലാത്ത നേതാവായാണ് ഇതുവരെയും രാഷ്ട്രീയ ശത്രുക്കള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളും രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നത്. പപ്പുവെന്നാണ് ബി ജെ പി നേതാക്കള്‍ അദ്ദേഹത്തെ പരിഹസിച്ചിരുന്നത്. ജോഡോ യാത്രയോടെ ഗൗരവമുള്ള, സ്ഥിരതയുള്ള, ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു നേതാവെന്ന നിലയിലേക്ക് ഉയരാന്‍ രാഹുലിനായി. പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ പോലും പതിവായി പങ്കെടുക്കാതെ ഇടക്കിടെ വിദേശത്തേക്ക് പറക്കുന്ന ശീലമുള്ളയാളാണ് രാഹുല്‍. അത്തരം ശീലങ്ങളെല്ലാം മാറ്റിയെടുത്ത് അര്‍പ്പണ ബോധത്തോടെ, ഉറച്ച കാല്‍വെപ്പോടെ യാത്ര പൂര്‍ത്തിയാക്കിയതോടെ രാഹുലിന് പുതിയൊരു മുഖം കൈവന്നു.

തെക്കേ ഇന്ത്യ കടന്നാല്‍ ജോഡോ യാത്രക്ക് വലിയ ചലനമുണ്ടാക്കാനാകില്ലെന്നായിരുന്നു തുടക്കത്തില്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആയിരക്കണക്കിന് സാധാരണക്കാരും രാഹുലിനെ കാണാന്‍ എത്തുകയും അഭിവാദ്യമര്‍പ്പിക്കുകയുമുണ്ടായി. മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ഡി എം കെ, എന്‍ സി പി, ശിവസേന, നാഷനല്‍ കോണ്‍ഫറന്‍സ് പി ഡി പി തുടങ്ങി പ്രതിപക്ഷ കക്ഷി നേതാക്കളും യാത്രയില്‍ അണിചേര്‍ന്നു. ഇത്രയും വിപുലമായും കൃത്യമായും ആസൂത്രണം ചെയ്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മറ്റൊരു പരിപാടി സമീപ കാലത്ത് വേറെ ചൂണ്ടിക്കാണിക്കാനാകില്ല. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അഭിമുഖീകരിച്ച പുതിയ പ്രതിസന്ധികളെ അതിജീവിച്ചാണ് യാത്ര ലക്ഷ്യത്തിലെത്തിയത്. യാത്ര കേരളത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് പേര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായുള്ള ഭിന്നതകള്‍ വീണ്ടും തലപൊക്കിയത് യാത്ര സംസ്ഥാനത്തേക്ക് പ്രവേശിക്കാനടുത്ത വേളയിലായിരുന്നു. കശ്മീരിലെ പര്യടന വേളയില്‍ സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് യാത്ര താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.

പാര്‍ട്ടി അണികള്‍ക്ക് പുത്തനുണര്‍വും പുതിയ ഊര്‍ജവും പകരാന്‍ യാത്രക്കായെങ്കിലും ഈ ഊര്‍ജം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുക ശ്രമകരമാണ്. പ്രതിപക്ഷത്തെ മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുമായില്ല. ജെ ഡി യു, ജെ ഡി എസ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, സി പി എം തുടങ്ങിയ കക്ഷികള്‍ ജോഡോ യാത്രയുമായി സഹകരിച്ചില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെല്ലാം തകര്‍ത്ത് ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ബി ജെ പിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നിരയില്‍ ഒരു വിശാല ഐക്യം രൂപപ്പെടേണ്ടതുണ്ട്. എന്നാല്‍ പല പ്രമുഖ പ്രതിപക്ഷ കക്ഷികളും ഇപ്പോഴും സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ തടവറയിലാണ്. കോണ്‍ഗ്രസ്സിനെ ഒഴിച്ചു നിര്‍ത്തിയുള്ള ദേശീയ മുന്നണി രൂപവത്കരിക്കാനാണ് മമതാ ബാനര്‍ജിയുടെയും തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖറിന്റെയും അണിയറ നീക്കം. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പില്‍ സി പി എം ദേശീയ നേതൃത്വവും ജോഡോ യാത്രയോടും രാഹുലിനോടും അകലം പാലിച്ചു. പ്രതിപക്ഷ നേതൃത്വങ്ങള്‍ ഇടുങ്ങിയ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ താത്കാലികമായെങ്കിലും മാറ്റിവെച്ച് രാജ്യത്തിന്റെ നിലവിലെ അവസ്ഥ കണ്ടറിഞ്ഞ് വിശാലമായൊരു രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് ഉയരുന്നില്ലെങ്കില്‍ ജോഡോ യാത്ര ഉയര്‍ത്തിക്കാട്ടിയ ‘പ്രതീക്ഷകളുടെ പുതിയ ഉദയ’ത്തിലേക്ക് ഇനിയും ദൂരങ്ങള്‍ താണ്ടേണ്ടി വരും.