Ongoing News
ബാലന്‍ ഡി ഓറില്‍ പുതിയ യുഗം; മെസ്സിക്കും ക്രിസ്റ്റ്യാന്യോയ്ക്കും ശേഷം ആര്?
ഫ്രാന്‍സിലെ പാരീസില്‍ പുലര്‍ച്ചെ 1.15ന് പുരസ്‌കാരദാന ചടങ്ങുകള്‍ ആരംഭിക്കും.
പാരിസ് | കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കുകയാണ്. ഫ്രാന്‍സിലെ പാരീസില്‍ പുലര്‍ച്ചെ 1.15ന് പുരസ്‌കാരദാന ചടങ്ങുകള്‍ ആരംഭിക്കും. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ എന്ന ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന പുരസ്‌കാരമാണിത്. സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ മറ്റൊരു യുഗത്തിന് തുടക്കമിടുമെന്നാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. 2008 മുതല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മാറിമാറി നേടുന്നത് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുമാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ 13 തവണയും പുരസ്‌കാരങ്ങള്‍ നേടിയത് ഇവര്‍ രണ്ടുപേരുമാണ്. മെസ്സി 8 തവണ മികച്ച ലോക ഫുട്ബോളറായപ്പോള്‍ ക്രിസ്റ്റ്യാന്യോ അഞ്ച് തവണ ബാലന്‍ ഡി ഓര്‍ നേടി. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വര്‍ഷങ്ങളിലാണ് മെസ്സിയുടെ നേട്ടം. 2008, 2013, 2014, 2016, 2017 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാന്യോ മികച്ച ലോക ഫുട്ബോളറായത്. ഈ ഒന്നര പതിറ്റാണ്ടിനിടെ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും (2018), ഫ്രാന്‍സിന്റെ കരീം ബെന്‍സേമയും (2022) മാത്രമാണ് ഇവരെക്കൂടാതെ ബാലന്‍ ഡി ഓര്‍ നേടിയവര്‍. 2020 കോവിഡ് മഹാമാരി കാരണം അവാര്‍ഡ് നല്‍കിയില്ല. 2003നുശേഷം മെസിയും ക്രിസ്റ്റ്യാന്യോയും നാമനിര്‍ദേശം ചെയ്യപ്പെടാത്ത ആദ്യ ബാലന്‍ ഡി ഓറാണ് ഇത്തവണത്തേത്.
ഇതുകൊണ്ടാണ് 2024 പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് ഫുട്ബോള്‍ ലോകം കരുതുന്നത്. നിലവില്‍ മെസ്സിയും റൊണാര്‍ഡോയും ഗോളടി തുടരുന്നുണ്ടെങ്കിലും യൂറോപ്പ്യന്‍ ഫുട്ബോളില്‍ ഇല്ല. ഇത്തവണ പുരുഷവിഭാഗത്തില്‍ ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ ജേതാവാകുമെന്നാണ് വിലയിരുത്തല്‍. വനിതകളില്‍ സ്പെയ്നിന്റെ ബാഴ്സലോണ കളിക്കാരി അയ്താന ബൊന്‍മാറ്റി നേട്ടം ആവര്‍ത്തിച്ചേക്കും.
ഇരുപത്തിനാലുകാരനായ വിനീഷ്യസ് ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും റയലിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 24 ഗോളും 11 അവസരവുമൊരുക്കി. മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിയാണ് വിനീഷ്യസിന് വെല്ലുവിളി ഉയര്‍ത്തുന്നത്. മികച്ച ഗോള്‍കീപ്പര്‍, കോച്ച്, ക്ലബ് തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം കാണാം.