Kerala
സംസ്ഥാനത്ത് എ ഐ കൊള്ളക്ക് പുതിയ രീതി ; ബേങ്ക് അക്കൗണ്ട് കടമെടുത്ത് തട്ടിപ്പ്
കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി | ബേങ്ക് അക്കൗണ്ട് വിലയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മാഫിയയുടെ വലയില്‍ കുരുങ്ങരുതെന്ന മുന്നറിയിപ്പുമായി പോലീസ്. നിസ്സാരനേട്ടത്തിന് ബേങ്ക് അക്കൗണ്ടുകള്‍ വിൽപ്പന നടത്തുന്നവര്‍ കരുതിയിരിക്കണമെന്നും ഇത്തരത്തില്‍ വില്‍പ്പന നടത്തിയ നിരവധി അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
കേരളത്തില്‍ കണ്ടുവരുന്ന പുതിയ തട്ടിപ്പ് രീതിയാണ് ബേങ്ക് അക്കൗണ്ടുകള്‍ വിലയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന സമ്പ്രദായമെന്ന് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം റൂറല്‍ സൈബര്‍ പോലീസ് പിടികൂടിയ ഓണ്‍ലൈന്‍ തട്ടിപ്പു കേസിലെ പ്രതികള്‍ ഇത്തരത്തില്‍ അക്കൗണ്ട് വില്‍പ്പന നടത്തിയവരായിരുന്നു. അക്കൗണ്ട് വിറ്റവര്‍ ഇപ്പോള്‍ ജയിലിലാണെന്നും പോലീസ് പറഞ്ഞു.
ഇവരില്‍ നിന്ന് അക്കൗണ്ടുകള്‍ വാങ്ങിയവര്‍ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളാണെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം വ്യക്തമാക്കുന്നു. കോളജ് വിദ്യാർഥികളും യുവാക്കളുമാണ് കൂടുതലും അക്കൗണ്ട് വില്‍ക്കുന്നത്.
സൈബര്‍ തട്ടിപ്പ് കേസുകളില്‍ മിക്കവാറും ആദ്യം പിടിയിലാകുക അക്കൗണ്ട് ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടെന്നും അതിനായി അക്കൗണ്ട് എടുത്തു നല്‍കിയെന്നുമാണ് പിടിയിലായവര്‍ പറയുന്നത്. പലപ്പോഴും ഈ “സുഹൃത്ത്’ അജ്ഞാതനായിരിക്കും. ഇനി ഇവര്‍ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ അയാള്‍ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തും.
ഇന്‍സ്റ്റായിലൂടെയോ ടെലഗ്രാമിലൂടെയോ പരിചയപ്പെട്ട സുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിനും അക്കൗണ്ട് എടുത്ത് നല്‍കുന്നവരുണ്ട്. അക്കൗണ്ടില്‍ വരുന്ന തുകക്കനുസരിച്ച് മാസം കമ്മീഷനോ, അല്ലെങ്കില്‍ പതിനായിരം രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും അക്കൗണ്ടിന്റെ ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിന്‍വലിക്കുന്നതെന്നോ യഥാർഥ ഉടമകള്‍ അറിയില്ല. അറസ്റ്റിലാകുമ്പോഴാണ് ഈ ഗുരുതര കുറ്റത്തിന്റെ തീവ്രത പലരും മനസ്സിലാക്കുന്നത്.
ഒട്ടേറെ പേർ സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും പേരില്‍ അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് സംഘത്തിന് വിറ്റ് കാശാക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പും ആളുകള്‍ അവഗണിക്കുകയാണ്. ഇവ ഉപയോഗിച്ച് തട്ടിപ്പുസംഘം അക്കൗണ്ടെടുക്കുന്ന രീതിയും കണ്ടുവരുന്നു. ഇത് കേരളത്തില്‍ പുതുതായി വളര്‍ന്നു വരുന്ന അപകടകരമായ തട്ടിപ്പ് രീതിയാണെന്നും നേരത്തേ, മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നതെന്നും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.