Kerala
സംസ്ഥാനത്ത് പുതിയ പാര്‍ട്ടി ; ജനതാദള്‍ എസിന്റെ നേതൃ യോഗം ഇന്ന്
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേരുന്ന നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം | സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേരുന്ന നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. നേരിട്ട് ദേശീയ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ചേര്‍ന്ന് ഒറ്റ പാര്‍ട്ടിയായി മാറണമെന്ന ചര്‍ച്ചകളും നിലവിലുണ്ട്.
ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആണ് പരിഗണയില്‍. ഇതിനായി ജനതാദള്‍ എസ്, എന്‍സിപി നേതൃത്വങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു.
ജെഡിഎസ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സാങ്കേതികമായി ദേശീയ പാര്‍ട്ടിയുടെ ഭാഗമായി കേരളത്തിലെ ജെഡിഎസും എംഎല്‍എമാരും തുടരുകയാണ്. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കത്തിനുള്ള കളമൊരുങ്ങിയത്.
കൂറുമാറ്റ നടപടി ഉള്ളതിനാല്‍ എംഎല്‍എ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പുതിയ പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കില്ല.