Uae
താമസക്കാരുടെ ആവശ്യങ്ങളറിയാൻ അബൂദബിയിൽ പുതിയ പദ്ധതി
എമിറേറ്റിലുടനീളം നിരവധി ഔപചാരിക കൗൺസിലുകളും മജ്‌ലിസുകളും കമ്മ്യൂണിറ്റി ഫോറങ്ങളും നടക്കും.
അബൂദബി | സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകലും നേരിട്ടുള്ള ആശയവിനിമയവും വർധിപ്പിക്കുന്നതിന്നായി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചു. ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും അറിയുന്നതിനായി എമിറേറ്റിലുടനീളം നിരവധി ഔപചാരിക കൗൺസിലുകളും മജ്‌ലിസുകളും കമ്മ്യൂണിറ്റി ഫോറങ്ങളും നടക്കും.
“ഞങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു” എന്നർഥം വരുന്ന പദ്ധതിയിൽ ജനങ്ങളിൽ നിന്നും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നിന്നും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കും. ശേഷം അബൂദബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ താമസക്കാരുടെ കാഴ്ചപ്പാടുകളും ആവശ്യങ്ങളും രേഖപ്പെടുത്തി വിശകലനം ചെയ്യും.
ഇത് പുതിയ ചുവടുവെപ്പാണെന്നും ജനങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് പഠിക്കാനും അഭിലാഷങ്ങൾ മനസ്സിലാക്കാനും കൂടുതൽ പുതുമകളോടെ ഭാവി നഗരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും സഹായിക്കുമെന്ന് ചെയർമാൻ ഫലാഹ് അൽ അഹ്ബാബി പറഞ്ഞു. നൂതന ആശയങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും അവരുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്നതിനും യുവ പ്രതിഭകളുമായും ഇടപഴകും.
---- facebook comment plugin here -----