Connect with us

Kerala

പുഴക്ക് അടിയില്‍ നിന്നും പുതിയ സിഗ്നല്‍ ലഭിച്ചു; നാളെ അര്‍ജുനായി തിരച്ചില്‍ ഇവിടം കേന്ദ്രീകരിച്ച്

കരയില്‍ നിന്നും 40 മീറ്ററോളം അകലെ നിന്നാണ് പുതിയ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്

Published

|

Last Updated

ബെംഗളൂരു |  ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരഭാഗത്തെ തിരച്ചില്‍ സൈന്യം പൂര്‍ത്തിയാക്കി. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു.

അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രദേശത്ത് റെഡ് അലേര്‍ട്ട് ആണ്. മഴ പെയ്യുന്നതു രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കരയിലെ തിരച്ചില്‍ സൈന്യം പൂര്‍ണമായും അവസാനിപ്പിച്ചതായി കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റഡാറില്‍ സിഗ്നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. അതേ സമയം പുഴക്ക് അടിയില്‍ നിന്നും പുതിയ സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നാവിക സേന നടത്തിയ തിരച്ചിലിലാണ ് പുതിയ സിഗ്നല്‍ ലഭിച്ചത്. കരയില്‍ നിന്നും 40 മീറ്ററോളം അകലെ നിന്നാണ് പുതിയ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. ഇവിടെ കേന്ദ്രീകരിച്ചാകും നാളെ തിരച്ചില്‍ നടക്കുക

മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്ത് ഡ്രെഡ്ജിംഗ് നടത്താനാണ് നീക്കം. ഇതിനുള്ള അനുമതി തേടും. എന്‍ ഡി ആര്‍ എഫും കര്‍ണാടക സര്‍ക്കാറും കരയില്‍ ലോറിയില്ലെന്ന നിലപാടിലായിരുന്നു. അതാണ് ഇപ്പോള്‍ ശരിയാവുന്നത്. എന്‍ ഡി ആര്‍ എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും പുഴയിലെ തിരച്ചില്‍.

രണ്ടിടങ്ങളില്‍ നിന്നു റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന വിവരം പുറത്തുവന്നതും സൈന്യം തിരച്ചില്‍ തുടര്‍ന്നതും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഇതോടെ അര്‍ജുന് വേണ്ടി ഏഴാം ദിവസവും നടന്ന തിരച്ചില്‍ നിരാശയോടെ അവസാനിക്കുകയാണ്.

മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയില്‍ സ്‌കൂബ ഡൈവേഴ്സ് പരിശോധന നടത്തി. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ സൈന്യം പരിശോധിക്കുന്നത്.പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ നാവിക സേന എത്തിക്കുമെന്നും കരുതുന്നു.

 

Latest