Connect with us

Uae

കാലാവസ്ഥാ പ്രവചനത്തിന് യു എ ഇക്ക് നവീന സംവിധാനം

പുതിയ സംവിധാനത്തിൽ എല്ലാവർക്കും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാൻ സാധിക്കും

Published

|

Last Updated

ദുബൈ | കാലാവസ്ഥാ പ്രവചനത്തിന് യു എ ഇക്ക് നവീന സംവിധാനം. മുൻകരുതൽ നടപടികൾ സ്വീകരിച്ച് ജീവാപായം കുറക്കാൻ ഇത് സഹായിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അബ്്രി പറഞ്ഞു.

ഇതൊരു സുപ്രധാന സംഭവവികാസമാണ്. കാലാവസ്ഥാ വ്യതിയാനം കാരണം പ്രകൃതി ദുരന്തങ്ങളും കഠിനമായ പ്രത്യാഘാതങ്ങളും വർധിച്ചു വരികയാണ്. തീവ്രതയിലും ആവൃത്തിയിലും മാറ്റമുണ്ട്. പുതിയ സംവിധാനത്തിൽ എല്ലാവർക്കും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാൻ സാധിക്കും. ആഗോള അടിസ്ഥാനത്തിൽ കാലാവസ്ഥാ മാറ്റം നിരീക്ഷിക്കാം. ജീവൻ രക്ഷിക്കാൻ ഇത് വളരെ പ്രധാനമാണ്.

ലോകമെമ്പാടുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളുടെ ശൃംഖല നൽകുന്ന വിവരങ്ങൾ മന്ത്രാലയം വിശകലനം ചെയ്യും. ഒരു കളർ – കോഡഡ് സിസ്റ്റം ഉപയോഗിച്ച് സൂക്ഷ്മ മാറ്റങ്ങൾ തിരിച്ചറിയുന്നു. അടുത്ത കുറച്ച് ദിവസത്തേക്കുള്ള പ്രവചനങ്ങൾ നൽകുന്നു. ആ സമയത്ത് വിദേശത്തുള്ള താമസക്കാർക്കും മുന്നറിയിപ്പ് നൽകാം. സ്‌പെയിനിലെ രൂക്ഷമായ വെള്ളപ്പൊക്കവും വിനാശകരമായ തുർക്കി-സിറിയ ഭൂകമ്പവും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും സംബന്ധിച്ച് മുന്നറിയിപ്പ് നിർണായകമായി. അപകടസാധ്യതയുള്ള ഏത് രാജ്യത്തും ഈ സംവിധാനം പ്രവർത്തിക്കും.

ഭൂകമ്പം ഉണ്ടായാൽ, സ്‌ക്രീനിൽ ഒരു അലർട്ട് മിന്നും. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. തുടർചലനങ്ങളെക്കുറിച്ചും സൂചന നൽകും. ആളുകൾക്ക് ആവശ്യമെങ്കിൽ ഒരു മുന്നറിയിപ്പ് നൽകാം. നടപടിയെടുക്കുക, ശ്രദ്ധിക്കുക അല്ലെങ്കിൽ ഒഴിയുക തുടങ്ങി ആളുകൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഉപദേശം നൽകാം.മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂം എല്ലാം നേരത്തെ കാണും. ഓരോ വ്യക്തിയുടെ ഫോണിലേക്ക് അലേർട്ടുകൾ സന്ദേശമായി അയക്കും. അലേർട്ടുകൾ ലഭിക്കുന്നതിന് ആളുകൾക്ക് യു എ ഇയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ ഉണ്ടായിരിക്കണം.

മന്ത്രാലയത്തിന് വേണ്ടിയാണ് “ഇന്റർഫേസ്’ സൃഷ്ടിച്ചത്. എന്നാൽ ഭാവിയിൽ സംവിധാനം നിർമിക്കാൻ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളെ ഇത് സഹായിക്കുമെന്ന് ഡോ. അൽ അബ്്രി പറഞ്ഞു. കാട്ടുതീ, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ മാരകമായ സംഭവങ്ങളെ നേരിടാൻ ആളുകളെ സഹായിക്കുന്നതിൽ ഈ സംവിധാനങ്ങൾ നിർണായകമായി കാണുന്നു. ലോകത്തെ പകുതിയോളം രാജ്യങ്ങളിൽ മാത്രമേ മതിയായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉള്ളൂ.

Latest