Uae
ശൈഖ് റാശിദ് റോഡിനെ ഇന്‍ഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നുവരി തുറന്നു
ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ മിന സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് വരെയുള്ള ശൈഖ് റാശിദ് റോഡില്‍ 4.8 കിലോമീറ്ററിലാണ് പാലം.
ദുബൈ| ശൈഖ് റാശിദ് റോഡിനെ ഇന്‍ഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നുവരി പാലം തുറന്നതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ മിന സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് വരെയുള്ള ശൈഖ് റാശിദ് റോഡില്‍ 4.8 കിലോമീറ്ററിലാണ് പാലം. അല്‍ ശിന്ദഗ ഇടനാഴി മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലെ സുപ്രധാന നേട്ടമാണ് പാലം എന്ന് ആര്‍ ടി എ അറിയിച്ചു.
എല്ലാ പാതകളിലുമായി മണിക്കൂറില്‍ 19,400 വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുന്ന 3.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് പാലങ്ങളുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതോടെ പദ്ധതിയുടെ 71 ശതമാനം പൂര്‍ത്തിയായതായി ആര്‍ ടി എ അറിയിച്ചു. അല്‍ മിന ഇന്റര്‍സെക്ഷനെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന, ശൈഖ് റാശിദ് റോഡിലെ രണ്ടാമത്തെ പാലം ജനുവരി ആദ്യ പകുതിയില്‍ തുറക്കും. ‘നഗരങ്ങളുടെയും ജനസംഖ്യാ വളര്‍ച്ചയുടെയും ആവശ്യകതകള്‍ അഭിസംബോധന ചെയ്യുകയാണ്. ഇടനാഴി പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനത്തിനൊപ്പം മുന്നേറാനാണ് പദ്ധതി’ ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു.