Uae
എക്സ്പോ സിറ്റിയില്‍ പുതിയ നഗര വികസന രൂപരേഖ അനാവരണം ചെയ്തു
3.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് എക്സ്‌പോ സിറ്റി.
ദുബൈ|എക്സ്പോ സിറ്റിയില്‍ പുതിയ നഗര വികസന രൂപരേഖ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനാവരണം ചെയ്തു. 3.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് എക്സ്‌പോ സിറ്റി. 35,000-ത്തിലധികം ആളുകളും 40,000 പ്രൊഫഷണലുകളും താമസിക്കുന്ന കേന്ദ്രമായി ഇതിനെ മാറ്റുകയാണ്. വാണിജ്യ മേഖലയിലുള്ളവര്‍, നിക്ഷേപകര്‍, വീട്ടുടമസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കുള്ള ഒരു കേന്ദ്രമായി ഇത് വികസിക്കും. ഒരു ദശാബ്ദം മുമ്പ്, ഒരു പുതിയ ഉപ നഗരം ഉയരാന്‍ വഴിയൊരുക്കി. ലോകത്തിന് ആതിഥേയത്വം വഹിച്ചു. നവീകരണവും സുസ്ഥിരതയും ചര്‍ച്ച ചെയ്തു. യു എ ഇയെ അഭിവൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് നയിക്കുകയുമായിരുന്നു ലക്ഷ്യം. ഈ സ്ഥലത്ത് പുതിയ വികസന രൂപരേഖ തയാറാവുകയാണന്നെ് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈയുടെയാകെ വികസനത്തിന് ഉത്തേജകമായി എക്‌സ്‌പോ സിറ്റി മാറി. പുതിയ ദുബൈയെ സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. എക്‌സ്‌പോ 2020 ദുബൈക്കും കഴിഞ്ഞ വര്‍ഷത്തെ കോപ് 28 കാലാവസ്ഥാ ചര്‍ച്ചകള്‍ക്കും ആതിഥേയത്വം വഹിച്ച പ്രദേശമാണ്. സംരംഭകരുടെയും നിക്ഷേപകരുടെയും കേന്ദ്രമായി മാറുകയാണ്. യു എ ഇയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനുള്ള ദീര്‍ഘകാല വീക്ഷണത്തിന്റെ കേന്ദ്രമാണിത്. രാജ്യത്തെ പ്രമുഖ ബിസിനസുകളിലൊന്നായ ഡി പി വേള്‍ഡിന്റെ ആഗോള ആസ്ഥാനമായി ജില്ല മാറും.
വിപുലീകരിച്ച ദുബൈ എക്‌സിബിഷന്‍ സെന്റര്‍ പദ്ധതികളില്‍ ഒന്നാണ്. ‘ഞങ്ങള്‍ ശ്രദ്ധേയമായ ഒരു യാത്രയിലാണ്. ഇന്ന് അഭിലാഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഊര്‍ജസ്വലവും പരിപോഷിപ്പിക്കുന്നതുമായ ഒരു സമൂഹം വിഭാവനം ചെയ്യുന്നു. 2033-ഓടെ എമിറേറ്റിന്റെ സമ്പദ്്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാന്‍ ശ്രമിക്കുന്ന പദ്ധതിയാണ്. ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനും ദുബൈ ഇക്കോണമിക് അജണ്ട ഡി33ക്കും അനുരൂപമായി നില്‍ക്കും’ – ശൈഖ് മുഹമ്മദ് പറഞ്ഞു.
എക്‌സ്‌പോ സിറ്റി ദുബൈ എമിറേറ്റിന്റെ അഭിലാഷങ്ങളുടെ തെളിവാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി. ‘ദുബൈ ഒരിക്കലും വികസനം അവസാനിപ്പിക്കുന്നില്ല. പുതിയ പ്രധാന പദ്ധതികളും അതുല്യമായ സംരംഭങ്ങളും ആരംഭിക്കുന്നു. അത് മേഖലകളിലുടനീളം മുന്‍നിര സ്ഥാനം ഉറപ്പിക്കുന്നു. ദുബൈ പരിവര്‍ത്തനം തുടരുമ്പോള്‍, നൂതനത്വത്തെ പരിപോഷിപ്പിക്കുന്നതിനും പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- ശൈഖ് ഹംദാന്‍ പറഞ്ഞു.