National
ഒമ്പത് വയസ്സുകാരിയെ കൊലപ്പെടുത്തി, മൃതദേഹം കര്‍പ്പൂരമിട്ടു കത്തിച്ചു; പതിനാറുകാരന്‍ പിടിയില്‍
ഹരിയാനയിലെ ഗുരുഗ്രാമിലാണ് പെണ്‍കുട്ടിയോട് കൊടുംക്രൂരത കാണിച്ചത്. മോഷണശ്രമത്തിനിടെയാണ് പ്രതി കൃത്യം നടത്തിയത്.
ന്യൂഡല്‍ഹി | ഒമ്പത് വയസ്സുകാരിയെ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കര്‍പ്പൂരമിട്ട് കത്തിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പെണ്‍കുട്ടിയോട് കൊടുംക്രൂരത കാണിച്ചത്. സംഭവത്തില്‍ അയല്‍ക്കാരനായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ഒന്നാം തീയതിയാണ് മോഷണശ്രമത്തിനിടെ പ്രതി കൃത്യം നടത്തിയത്. ഒരു ഹിന്ദി ക്രൈം സീരീസില്‍ നിന്നുമുള്ള പ്രചോദനമാണ് ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ ഈ വര്‍ഷം മാത്രം ഇരുപതോളം മോഷണങ്ങള്‍ നടത്തിയതായി പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും ഇളയ സഹോദരനും പതിനാറുകാരന്റെ മാതാവിനെ കാണാനായി വീട്ടില്‍ എത്തിയിരുന്നു. ഇതുകണ്ട ഇയാള്‍ പഠനാവശ്യത്തിനെന്ന വ്യാജേന പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയും പെണ്‍കുട്ടിയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
വെള്ളമെടുക്കാനായി കുട്ടി പോയ സമയത്ത് അലമാര തുറന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ പ്രതി ശ്രമിച്ചു. ഇത് പെണ്‍കുട്ടി കണ്ടതോടെ നടന്നതൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, ഇതിനു വിസ്സമതിച്ചതോടെ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനായി പൂജാമുറിയില്‍ ഉണ്ടായിരുന്ന കര്‍പ്പൂരം മൃതദേഹത്തിലിട്ട് കത്തിക്കുകയും ചെയ്തു.