Web Special
ചന്ദ്രനിൽ ആണവ നിലയം; ചൈനയും റഷ്യയും ലക്ഷ്യമിടുന്നതെന്ത്?
ചൊവ്വയില്‍ നടത്തുന്ന അത്ഭുത പരീക്ഷണങ്ങളുടെ വാര്‍ത്തകള്‍ക്കായി ലോകം കാത്തിരിക്കയാണ്. ഭൂമിയിൽ നാശം വിതച്ച ആണവായുധങ്ങൾ ചന്ദ്രനിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയും ഇല്ലാതില്ല.
ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പുനര്‍വിചിന്തനത്തിന്റെ പാതയിലാണ് ലോകം. താപവൈദ്യുത നിലയങ്ങളാണ് അഭികാമ്യം എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തകരും അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തില്‍ എന്തിനാവും ചന്ദ്രനിൽ ഒരു ആണവ നിലയം പണിയാൻ ശ്രമം നടത്തുന്നത്. അതും റഷ്യ – ചൈന സംയുക്ത സംരഭമായി!..
2033-35 കാലഘട്ടത്തിൽ റഷ്യയും ചൈനയും സംയുക്തമായി ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കുന്നത് പരിഗണിക്കുകയാണെന്ന വിവരം അടുത്തിടെ പുറത്തുവിട്ടത് റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ തലവൻ യൂറി ബോറിസോവാണ്. ഒരു ദിവസം ചാന്ദ്ര വാസസ്ഥലങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയും ചൈനയും സംയുക്തമായി ഒരു ചാന്ദ്ര പരിപാടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും “ആണവ ബഹിരാകാശ ഊർജ്ജ”ത്തിൽ അതിൻ്റെ വൈദഗ്ധ്യം കൊണ്ട് സംഭാവന നൽകാൻ മോസ്കോയ്ക്ക് കഴിഞ്ഞതായും റഷ്യയിലെ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി കൂടിയായ ബോറിസോവ് പറഞ്ഞു.
ചന്ദ്രനിൽ ഒരു ഉല്‍ഖനനം നടത്താനുള്ള സ്വപ്ന പദ്ധതികളെക്കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ റഷ്യൻ ബഹിരാകാശ പദ്ധതി സമീപ വർഷങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് പുരോഗമിച്ചില്ലെന്ന് മാത്രമല്ല തുടർച്ചയായ പരാജയങ്ങൾ നേരിടുകയും ചെയ്തു. റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് തകർന്നതിനെത്തുടർന്ന് 47 വർഷത്തിനിടെ അതിൻ്റെ ആദ്യ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് ഒരു സംയുക്ത റഷ്യൻ-ചൈന ക്രൂഡ് മിഷൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര അടിത്തറയുടെ സാധ്യതയെക്കുറിച്ച് പര്യവേക്ഷണം ചെയ്യുമെന്നും റഷ്യൻ ബഹിരാകാശ വിദഗ്ധർ പറയുന്നു. ഇതിനിടെ 2030-ന് മുമ്പ് ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൈനയും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഈ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സോളാർ പദ്ധതികള്‍ മതിയാകില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതെന്നാണ് വിശദീകരണം. മനുഷ്യസാന്നിദ്ധ്യവും സഹായവുമില്ലാത്ത യന്ത്രങ്ങൾ ഉപയോഗിച്ചാണ് പര്യവേഷണം എന്നിരിക്കെ അതിനാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് ഈ നിലയങ്ങളയിരിക്കും. മനുഷ്യസാന്നിദ്ധ്യമില്ലാതെ റിയാക്റ്റർ തണുപ്പിക്കാനുള്ള സാങ്കേതികവിദ്യയെക്കുറിച്ചും ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്.
ചന്ദ്രോപരിതലത്തിലും ചൊവ്വയിലും ചൈനയ്ക്ക് വന്‍ പദ്ധതികളുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ആണവപദ്ധതികളിലെ റഷ്യയുടെ പ്രവൃത്തിപരിചയമാണ് ചൈന ഉപയോപ്പെടുത്തുന്നത്. എന്നാല്‍ ബഹിരാകാശത്ത് ആണവായുധങ്ങൾ സ്ഥാപിക്കാൻ മോസ്കോ പദ്ധതിയിട്ടിരുന്നു എന്ന യുഎസിൻ്റെ മുന്നറിയിപ്പ് തെറ്റാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ മാസം അത് തള്ളിക്കളഞ്ഞിരുന്നു. പക്ഷേ, അത്തരമൊരു നീക്കം റഷ്യ നടത്തുന്നുണ്ട് എന്ന് തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തിയ 1969 ജൂലൈ 20ന് ശേഷം വിവിധ രാഷ്ടങ്ങളില്‍ നിന്നുള്ള ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ബഹിരാകാശ പരീക്ഷണങ്ങൾ വിജയിച്ചുവെന്ന വിവരം മറ്റു രാഷ്ട്രങ്ങളെ അറിയിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇതിനിടെ ചന്ദ്രനിലുള്ള ഹീലിയമാണ് ഈ സംയുക്ത സംരഭത്തിലൂടെ റഷ്യയും ചൈനയും ലക്ഷ്യം വെക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഗ്രഹ ശാസ്ത്രം, വായു, മണ്ണ് നിരീക്ഷണങ്ങള്‍ക്കപ്പുറം ചാന്ദ്രപരീക്ഷണങ്ങളില്‍ വലിയ നേട്ടങ്ങളൊന്നും സാധിക്കാനാവാത്ത അമേരിക്ക ഈ പരീക്ഷണങ്ങളില്‍ ആശങ്കാകുലരാകുന്നതില്‍ അത്ഭുതമില്ല.
എന്തായാലും ഈ പുതിയ കൂട്ടാളികള്‍ ചൊവ്വയില്‍ നടത്തുന്ന അത്ഭുത പരീക്ഷണങ്ങളുടെ വാര്‍ത്തകള്‍ക്കായി ലോകം കാത്തിരിക്കയാണ്. ഭൂമിയിൽ നാശം വിതച്ച ആണവായുധങ്ങൾ ചന്ദ്രനിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയും ഇല്ലാതില്ല.