Kerala
സ്വിഗിയില്‍ ഒന്നര വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട; സംഗതി വൈറല്‍
മകന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത കാര്യം കൊട്ടാരക്കര സ്വദേശിയായ ജോസിനോ ഭാര്യ അഞ്ജനിക്കോ അറിയില്ലായിരുന്നു. രാവിലെ ജോസിന്റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കാര്യം അറിയുന്നത്.
![](https://assets.sirajlive.com/2022/01/viral-boy.jpg)
തിരുവനന്തപുരം| ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇന്നത്തെക്കാലത്ത് ഇഷ്ടപ്പെട്ട ഭക്ഷണം പെട്ടെന്ന് കഴിക്കണമെന്ന് തോന്നിയാല്‍ ആദ്യം മനസിലേക്ക് വരുന്നത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളായിരിക്കും. ഇത്തരത്തില്‍ മുതിര്‍ന്നവര്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നത് അതിശയിക്കേണ്ട കാര്യമല്ല. എന്നാല്‍ ഒരു ഒന്നര വയസുകാരന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. തല്‍ക്കാലം നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് സ്വിഗി വഴി ഒന്നരവയസുകാരന്‍ ആര്‍വന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കവര്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്തത് എന്താണെന്നു കൂടി പറയാം. ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട എന്നിവയാണ്. ഭക്ഷണപ്പൊതിയുമായി ആര്‍വന്‍ നില്‍ക്കുന്ന ചിത്രം അച്ഛന്‍ ജോസ് അലക്‌സാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുറിപ്പും ചിത്രവും വൈറലാവുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ മകന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത കാര്യം കൊട്ടാരക്കര സ്വദേശിയായ ജോസിനോ ഭാര്യ അഞ്ജനിക്കോ അറിയില്ലായിരുന്നു. രാവിലെ ജോസിന്റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കാര്യം അറിയുന്നത്. ഉടന്‍ തന്നെ കാന്‍സല്‍ ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാല്‍ കാന്‍സല്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മറുപടി ലഭിച്ചത്.
ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷണ്‍ ആണ് അവന്‍ ചെയ്തിരിക്കുന്നത്. ഈ ഓപ്ഷന്‍ സ്വിഗിയില്‍ ജോസ് ഉപയോഗിച്ചിട്ടില്ല. മൂന്നില്‍ അധികം കണ്‍ഫര്‍മേഷനുശേഷം മാത്രമേ അത് ചെയ്യാന്‍ പറ്റുകയുള്ളൂ. പിന്നെ ആര്‍വന്‍ അതെങ്ങനെ ചെയ്‌തെന്ന അമ്പരപ്പിലാണ് അച്ഛനും അമ്മയും.
എന്നാല്‍ കുസൃതി കാട്ടിയ ആര്‍വനെ ഇതൊന്നും ഒട്ടും ബാധിച്ചതേയില്ല. അവന്‍ ഓര്‍ഡര്‍ ചെയ്ത പൊറോട്ട തിന്നുന്ന തിരക്കിലാണെന്ന് അച്ഛനും അമ്മയും പറയുന്നു. മകന്‍ സ്ഥിരമായി ജോസിന്റെ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും സ്റ്റാറ്റസ് ഇടാനും പ്രൊഫൈല്‍ പിക് മാറ്റാനുമൊക്കെ അവന് അറിയാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതുപോലൊരു കാര്യം ആര്‍വനില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ജോസ് പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രസമാണെങ്കിലും അറിവില്ലാത്ത കുട്ടികളുടെ കൈയില്‍ ഫോണ്‍ കിട്ടിയാല്‍ ഇതിനേക്കാള്‍ വലിയ അപകടങ്ങള്‍ ഉണ്ടാകാമെന്ന വസ്തുത കൂടി മുതിര്‍ന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.