Connect with us

Kerala

ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; മാതാവ് റിമാന്‍ഡില്‍

കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശില്‍പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും.

Published

|

Last Updated

പാലക്കാട്| ഷൊര്‍ണൂരില്‍ ഒരു വയസുകാരി ശിഖന്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെ മാര്‍ച്ച് 5 വരെ റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് മാതാവ് ശില്‍പയെ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശില്‍പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും.

ആലപ്പുഴ മാവേലിക്കരയിലെ വാടക വീട്ടില്‍ വച്ചാണ് കുറ്റകൃത്യം നടന്നത്. ജോലിക്ക് പോകാന്‍ കുഞ്ഞ് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്‍പ പോലീസിന് മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാല്‍ മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുവയസുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. കൊല്ലപ്പെട്ട ഒരു വയസുകാരി ആലപ്പുഴ മാവേലിക്കര സ്വദേശി ശില്‍പയുടെയും പാലക്കാട് ഷോര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ്.

അജ്മലും ശില്‍പയും കുറച്ചുകാലമായി ഒരുമിച്ചല്ല താമസം. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പോലീസ് വ്യക്തമാക്കി. സ്വദേശമായ മാവേലിക്കരയില്‍ വച്ച് ശില്‍പ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ ഷൊര്‍ണൂരിലെത്തി. അജ്മല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൃതദേഹം വെച്ച് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അജ്മല്‍ സംഭവം ഷോര്‍ണൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇരുവരോടും കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ശില്‍പയെ പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു.