International
ഗസ്സയില്‍ സമാധാനത്തിന് വഴി തെളിയുന്നു
വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസിന്റെ പരിഗണനക്ക് വിട്ടു. നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത് പാരീസില്‍. നീക്കം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍, ഹമാസ്.
ഗസ്സ/ പാരീസ് | ഗസ്സയില്‍ നാല് മാസത്തോളമായി തുടരുന്ന ഇസ്‌റാഈല്‍ ആക്രമണത്തിന് അവസാനമുണ്ടാകാന്‍ സാധ്യത തെളിയുന്നു. അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെ നേതൃത്വത്തില്‍ പാരീസില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ഹമാസിന്റെ പരിഗണനക്കു വിട്ടു.
പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ പോകും. ആക്രമണം അവസാനിപ്പിച്ച് സൈന്യത്തെ ഗസ്സയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാകണം എന്നതാണ് ഹമാസിന്റെ ആവശ്യമെന്നും ഹനിയ വ്യക്തമാക്കി. അതേസമയം, പാരീസ് ചര്‍ച്ച മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഫലസ്തീന് അകത്തും പുറത്തുമുള്ള നേതൃത്വവുമായി പാരീസ് നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് ഖത്വര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരുമായി കെയ്റോയില്‍ ചര്‍ച്ച ചെയ്യുമെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസല്‍ പറഞ്ഞു. ശാശ്വത വെടിനിര്‍ത്തലാണ് ലക്ഷ്യമെന്നും കരാറിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടത്തില്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും മധ്യസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങാതെ പുതിയ നിര്‍ദേശം അംഗീകരിക്കില്ല. മുഴുവന്‍ തടവുകാരെയും മോചിപ്പിക്കാന്‍ ഇരു വിഭാഗവും ശ്രമിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാകാന്‍ ചര്‍ച്ച ആവശ്യമാണ്. സ്ഥിരമായ വെടിനിര്‍ത്തലാണ് ഇരുപക്ഷത്തിനും വേണ്ടതെന്നും അല്ലാത്തപക്ഷം യുദ്ധം തുടരുമെന്നും നസല്‍ വ്യക്തമാക്കി.
അതേസമയം, ഗസ്സയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയോ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയോ ചെയ്യില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. യുദ്ധം അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാതെ അവസാനിപ്പിക്കില്ല. ഗസ്സ ഇനി ഇസ്‌റാഈലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ടി വി സംപ്രേഷണത്തില്‍ നെതന്യാഹു പറഞ്ഞു. വിവേചനരഹിതമായ കരാര്‍ സര്‍ക്കാറിനെ പിളര്‍ത്തുമെന്നായിരുന്നു തീവ്ര വലതുപക്ഷ നേതാവും ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍-ഗിവീറിന്റെ പ്രതികരണം. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ യുദ്ധം അവസാനിപ്പിക്കാനോ ഗസ്സയുടെ സുരക്ഷാ നിയന്ത്രണം ഉപേക്ഷിക്കാനോ പദ്ധതിയില്ലെന്നതാണ് ഇസ്‌റാഈല്‍ നിലപാട്. പാരീസ് നിര്‍ദേശങ്ങളില്‍ ചിലതില്‍ വിയോജിപ്പുണ്ടെങ്കിലും നിയന്ത്രണ മേഖലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇസ്‌റാഈല്‍ തയ്യാറായേക്കുമെന്നാണ് സൂചന.
ഇസ്‌റാഈലും ഹമാസും തമ്മില്‍ ബന്ദികളെ കൈമാറുക വഴി വെടിനിര്‍ത്തല്‍ ഉടന്പടിയുണ്ടാക്കാനായിരുന്നു സി ഐ എയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയ സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സ്, ഇസ്‌റാഈല്‍ ചാര സംഘടനയായ മുസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയ, ഖത്വര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ താനി, ഈജിപ്ത് ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, ഗസ്സയില്‍ ആക്രമണം ആരംഭിച്ച ശേഷമുള്ള മേഖലയിലെ ആറാമത്തെ സന്ദര്‍ശനത്തിനായി യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉടന്‍ ഇസ്‌റാഈലിലെത്തും. തെല്‍ അവീവില്‍ ശനിയാഴ്ചയെത്തുന്ന ബ്ലിങ്കന്‍ തിങ്കളാഴ്ച വരെ അവിടെയുണ്ടാകും. പുറപ്പെടും മുന്പ്, പുതുതായി നിയമിതനായ യു എന്നിന്റെ ഗസ്സ മാനുഷിക- പുനര്‍നിര്‍മാണ കോ-ഓര്‍ഡിനേറ്ററായ സിഗ്രിഡ് കാഗിനായിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസിന് കൈമാറിയ കാര്യം ബ്ലിങ്കന്‍ സ്ഥിരീകരിച്ചു.