Connect with us

Kidney transplant surgery

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു

വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയക്ക് നാല് മണിക്കൂര്‍ വൈകിയെന്ന് ആരോപണം

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ വൃക്ക ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചിട്ടും ശസ്ത്രക്രിയ തുടങ്ങാന്‍ നാല് മണിക്കൂര്‍ വൈകിയെ്ന്നാണ് ആരോപണം.

രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്നാണ് ബന്ധുക്കളുടെ കുറ്റപ്പെടുത്തല്‍. എറണാകുളത്ത് നിന്നും പോലീസ് അകമ്പടിയോടെ രണ്ടരമണിക്കൂറിനുള്ളില്‍ വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് കണ്ടെത്തല്‍.

ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളം വൈകുകയായിരുന്നു.

ഒരാളുടെ അവയവം മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗി ഇപ്പോള്‍ മരണപ്പെട്ടിരിക്കുകയാണ്.

 

 

 

Latest