Cover Story
ഒറ്റക്കൊമ്പിന് പിന്നാലെ ഒരു ജനത
ഇതാർക്കും വിശ്വസിക്കാനായില്ല. എന്താണിവിടെ നടക്കുന്നത്? പക്ഷേ, ശരിയായിരുന്നു.കാസിരംഗ ദേശീയോദ്യാനത്തിലാണ് സംഭവം. അവിടെ ആറ് ഭീമൻ ഗ്യാസ് ഫർണസുകൾ തയ്യാറാക്കി വെച്ചിരിക്കുന്നു. അതിലാണ് ഇവ ഒന്നിച്ച്, കത്തിച്ച് ചാമ്പലാക്കാൻ പോകുന്നത്. ദശാബ്ദങ്ങളായി സൂക്ഷിച്ചു വെച്ചവയാണിവയോരോന്നും. ഏറെ പുരാതനവും കൗതുകകരവുമായ ഒരു അമൂല്യശേഖരം. ഏറെ വിലമതിപ്പുള്ളവയുമാണിത്.കിലോഗ്രാമിന് 65,000 ഡോളർ വരെ കിട്ടുന്ന അപൂർവ വസ്തുക്കളാണ് കത്തിച്ച് വെണ്ണീറാക്കുന്നത്. ഇതിങ്ങനെ നശിപ്പിക്കാൻ പാടുണ്ടോ? ഒടുവിൽ സംഭവിക്കുക തന്നെ ചെയ്തു. ഫെർണസുകൾ ചുവന്നു തുടുത്തു. അഗ്നിജ്വാലകൾ ഉയരത്തിലുയരത്തിലേക്ക് നാഗങ്ങളെ പോലെ കെട്ടുപിണഞ്ഞു. അന്തരീക്ഷം പുകമറകളാൽ കരിമേഘങ്ങളെ പിന്നിലാക്കി. അസം ഒരു പുതു ചരിത്രം രചിക്കുകയായിരുന്നു. ഒറ്റക്കൊമ്പന്മാരെ ചേർത്ത് പിടിച്ച് ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുകയായിരുന്നു. ഈ സംഭവം ചരിത്രത്തിൽ ഇടം നേടിയ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ഏടുകളാകുകയായിരുന്നു.
കാണ്ടാമൃഗത്തിന് പിന്നാലെ ഒരു സംസ്ഥാനം ഒന്നടങ്കമുണ്ട്. അസം ആണത്. കാണ്ടാമൃഗ സംരക്ഷണത്തിന് സർക്കാർ നിയമം കൊണ്ടുവരിക തന്നെ ചെയ്തു. അത് നടപ്പിലാക്കാൻ ഇന്ത്യൻ പട്ടാളത്തിന്റെ സഹായവും സ്വീകരിച്ചു. അങ്ങനെയാണ് ഇന്ന്, ഒരു കഥയിലെന്ന പോലെ കാണ്ടാമൃഗങ്ങളുടെ എണ്ണം ഗണ്യമായി അസമിൽ പെരുകിയത്. ഓർക്കണം. 1950 കളിൽ ഇന്ത്യയിൽ ആകെ 200 കാണ്ടാമൃഗങ്ങളേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ എന്നതിൽ നിന്നാണ് ഈ മാറ്റം.
എന്നിട്ടും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു. കഴിഞ്ഞ വർഷം ഇരുപതോളം കാണ്ടാമൃഗങ്ങളെയാണ് കൊമ്പിനുവേണ്ടി കൊല ചെയ്യപ്പെട്ടത്. 2012 ലെ കനത്ത പ്രളയത്തിൽ മുപ്പതോളം കാണ്ടാമൃഗങ്ങൾ മുങ്ങിച്ചാവുകയും ചെയ്തു. എന്നാലും നിശ്ചയദാർഢ്യത്തോടെ ഒരു സംസ്ഥാനം പിന്നിലുള്ളത് കാര്യങ്ങളെ ആശാവഹമാക്കുന്നു.
കാസിരംഗ ലോകത്തിൻ നെറുകയിൽ
1974 ൽ രൂപവത്കൃതമായ കാസിരംഗ ദേശീയ പാർക്കിലെ ശ്രദ്ധയാണ് ഇന്ത്യയെ കാണ്ടാമൃഗ സംരക്ഷണത്തിന്റെ പ്രശസ്തിയിലെത്തിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണിന്ന്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഇവിടെയാണ്. 1905ൽ റിസർവ് ഫോറസ്റ്റ് ആയും 1974ൽ ദേശീയോദ്യാനമായും 2006ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ട കാസിരംഗ 1985ൽ ലോകപൈതൃകപ്പട്ടികയിലാണ് ഇടം നേടിയത്.
471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ധാരാളമുണ്ട്. കാണ്ടാമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായതെല്ലാം ഈ ഭൂപ്രദേശം തരുന്നു.
ഇപ്പോൾ എത്ര കാണ്ടാമൃഗങ്ങളുണ്ട് ഇന്ത്യയിൽ? ഉറ്റുനോക്കുകയാണ് ലോകം. കാണ്ടാമൃഗ സെൻസസ് ഇക്കഴിഞ്ഞ മാർച്ച് 26 മുതൽ 28 വരെ കാസിരംഗയിൽ നടന്നു കഴിഞ്ഞു. ഏറെ പ്രാധാന്യത്തോടെയാണ് സംസ്ഥാനം ഇതേറ്റെടുത്തത്. അസാം വനംവകുപ്പ് ഈ ദിവസങ്ങളിൽ ദേശീയോദ്യാനം അടച്ചിടുകയും ജീപ്പ് സഫാരി, എലിഫന്റ് സഫാരി അടക്കമുള്ള വിനോദങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
കാസിരംഗയിൽ ഇതിന് മുമ്പ് കാണ്ടാമൃഗങ്ങളുടെ സെൻസസ് നടന്നത് 2018 ലായിരുന്നു. 2,413 ആയിരുന്നു അന്ന് കണ്ടെത്തിയ എണ്ണം.
കാണ്ടാമൃഗ കണക്കെടുപ്പ് അവിടെ അതീവ പ്രാധാന്യമുള്ളതു തന്നെയാണ്. ഇത് ഒരു നിർബന്ധിത മാനേജ്മെന്റ് സമ്പ്രദായമാണ്. സെൻസെസ് നടക്കുന്ന കാലയളവിൽ ടൂറിസം പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നു. കണക്കെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇത് ആവശ്യമാണെന്നും ഫോറസ്റ്റ് ഡിവിഷനൽ ഓഫീസർ പുറത്തിറക്കിയ നോട്ടീസിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
വ്യത്യസ്തം ഈ ദിനാചരണം
ലോക കാണ്ടാമൃഗ ദിനത്തിൽ അസമിൽ എന്തു നടന്നെന്ന് അന്വേഷിച്ചുപോകേണ്ടതു തന്നെയാണ്. അസമിലാണ് ലോകത്തിലെ ഏറ്റവും വലിയ കാണ്ടാമൃഗ കൊമ്പുകളുടെ ശേഖരമുള്ളത്. ഇത് അഗ്നിക്കിരയാക്കി കൊണ്ടാണ് അവർ കാണ്ടാമൃഗ ദിനം ആചരിച്ചത്. അതിലൊരു പന്തികേടുണ്ടെന്ന് തോന്നാമെങ്കിലും അതൊരു വെറും തോന്നലാക്കി മാറ്റിക്കൊണ്ടുള്ള പ്രവൃത്തിയായിരുന്നു.
വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അഗ്നിക്കിരയാക്കലത്രെ. തലയിൽ കൊമ്പുള്ള കാണ്ടാമൃഗം വിലപ്പെട്ടതാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാൻ ആഗ്രഹിക്കുന്നു എന്നുകൂടി അവർ വ്യക്തമാക്കുന്നു. വേട്ടക്കാരാല്‍ കൊമ്പു നീക്കം ചെയ്യപ്പെട്ട് മരിച്ചതോ, സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കപ്പെട്ട കൊമ്പുകളോ അല്ല അവർക്ക് കാണ്ടാമൃഗമെന്ന് അസം തെളിയിക്കുകയായിരുന്നു.
നശിപ്പിക്കൽ വെറുതെയല്ല
കൊമ്പുകള്‍ നശിപ്പിച്ചത് 1972 ലെ വന്യജീവി സംരക്ഷണ, നിയമത്തിലെ സെക്്ഷന്‍ 39 (3) (സി) അനുസരിച്ചുള്ള ഒരു പ്രക്രിയയായിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ വിധി പ്രകാരം, കൊമ്പുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പൊതു വിചാരണ നടന്നു കഴിഞ്ഞിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച ഉടമ്പടിയില്‍ (സി ഐ ടി ഇ എസ്- കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ഇന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ഇന്‍ എന്‍ഡേന്‍ജര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫ്‌ളോറ ആന്‍ഡ് ഫോന) ഇന്ത്യ ഒപ്പ് വെച്ചും കഴിഞ്ഞു.
വരാനിരിക്കുന്ന സെൻസെസിനു തൊട്ടുമുമ്പെ വരെ 2018 മാര്‍ച്ചിലെ കാണ്ടാമൃഗ സെന്‍സസ് പ്രകാരം എണ്ണം കാസിരംഗയിൽ 2,413, ഒറാംഗ് ദേശീയോദ്യാനത്തില്‍ 101, പോബിറ്റോറ വന്യജീവി സങ്കേതത്തില്‍ 102 എന്നിങ്ങനെ കണക്കാക്കിയിരുന്നു. നിലവിൽ കിട്ടിയ പുതിയ കണക്ക് പ്രകാരം മാനസ് നാഷനല്‍ പാര്‍ക്കില്‍ 43 കാണ്ടാമൃഗങ്ങള്‍ ഉണ്ടെന്നാണ്.
ഐ യു സി എന്‍ ( The International Union for Conservation of Nature) റെഡ് ലിസ്റ്റ് അനുസരിച്ച് മുമ്പ് വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇപ്പോള്‍ “കരുതല്‍’ വേണ്ടാത്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നേട്ടമാണ്.
2019 ല്‍, അസം സര്‍ക്കാര്‍ കാണ്ടാമൃഗ വേട്ടയും അനുബന്ധ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനായി കാസിരംഗ ദേശീയോദ്യാനത്തിൽ പ്രത്യേക കാണ്ടാമൃഗ സംരക്ഷണ സേന രൂപവത്കരിച്ചിട്ടുണ്ട്.
ഇന്ത്യൻ കാണ്ടാമൃഗവും കൊമ്പും
ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍ക്ക് ഒറ്റ കൊമ്പേ ഉള്ളൂ.അത് രോമങ്ങള്‍ കൂടിച്ചേര്‍ന്ന് ഉറച്ചുകട്ടിയായി രൂപംകൊള്ളുന്നതാണ്. ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലും അടങ്ങിയിട്ടുള്ള കെരാറ്റിന്‍ എന്ന മാംസ്യമാണ് കൊമ്പിൽ അടങ്ങിയിരിക്കുന്നത്.
അസമിലെ ചതുപ്പുള്ള പുല്‍ക്കാടുകളിലും നേപ്പാളിലെ തേരായ് പ്രദേശങ്ങളിലുമാണ് ഇന്ത്യന്‍ കാണ്ടാമൃഗത്തെ (Rhinoceros Unicornis) ഇപ്പോള്‍ കാണുന്നത്. ഇന്ത്യയിലുള്ള 3200-ഓളം കാണ്ടാമൃഗങ്ങളില്‍ 2400 ഓളം എണ്ണം അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ ചിത്വന്‍ ദേശീയോദ്യാനത്തില്‍ നാനൂറോളം എണ്ണമുണ്ട്.
വലിപ്പത്തിൽ രണ്ടാമൻ
കരയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൃഗമാണ് കാണ്ടാമൃഗം. ഇംഗ്ലീഷ് പേര് Rhinoceros. ഭീമാകാരമായ ശരീരം. കാണ്ടാമൃഗത്തിന്റെ ശരീരഭാരം ഏകദേശം 1200 കിലോഗ്രാം മുതൽ 2300 കിലോഗ്രാം വരെ വരും. തൊലിക്കട്ടിയെ കുറിച്ച് പറയാതിരിക്കാനാവില്ലല്ലോ. സംരക്ഷിത കവചം പോലെ പ്രവർത്തിക്കുന്ന വളരെ കട്ടിയുള്ള ത്വക്ക് (ഏകദേശം 5-സെ.മി വരെ) ഇവക്കുണ്ട്. സസ്യഭോജികളായ ഇവയുടെ ശരീരത്തെ ഇത് ആവരണം ചെയ്തിരിക്കുന്നു. ശരീര ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ തലച്ചോറിന് വളരെ വലിപ്പം കുറവാണ് (400-മുൽ 600-ഗ്രാം വരെ മാത്രം). ഇലകളാണ് കൂടുതലായും കഴിക്കുന്നത്. നാരുകളടങ്ങിയ ആഹാരം ദഹനശക്തിക്ക് പര്യാപ്തമാണ്. കടവായിലെ ബലമുള്ള പല്ലുകളുടെ സഹായത്തോടെയാണ് ഇവ ആഹാരം ചവച്ചരയ്ക്കുന്നത്. വലിയ ഭാരമുണ്ടെങ്കിലും ഇവക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയും.
ഓരോ കാലിലും വിരലുകൾ പോലെ തോന്നാവുന്ന മൂന്ന് കുളമ്പുകളുള്ള ഒരു സസ്തനിയാണിത്. മൂന്ന് കുളമ്പുകളുണ്ടെങ്കിൽ കൂടിയും , ഇവ ഒരുമിച്ച് ചേർന്നിരിക്കുന്നതിനാൽ ഒറ്റക്കുളമ്പുകളുള്ള കുതിര, ടാപിർ തുടങ്ങിയവയുടെ കൂട്ടത്തിലാണ് ഉൾപ്പെടുന്നത്. കാണ്ടാമൃഗങ്ങളെല്ലാം തന്നെ റൈനൊസിറോറ്റിഡെ (Rhinocerotidae) എന്ന കുടുംബത്തിലുള്ളവയാണ്. ഈ കുടുംബത്തിൽ അഞ്ച് സ്പീഷിസുകളുണ്ട്. കറുപ്പ്, വെള്ള എന്നിവക്ക് പുറമെ വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിവയാണ് അഞ്ച് തരത്തിലുള്ളവ .
നന്നായി ഘ്രാണശക്തിയും ശ്രവണശക്തിയുമുള്ള ഇവക്ക് കാഴ്ചശക്തി അൽപ്പം കുറവാണ്. കാണ്ടാമൃഗത്തിന്റെ ഗർഭകാലം 16 മാസമാണ്. കുഞ്ഞുങ്ങളെ ഇവ രണ്ട് വർഷം പാലൂട്ടുകയും മൂന്ന് വർഷം സംരക്ഷിക്കുകയും ചെയ്യും. കാണ്ടാമൃഗത്തിന്റെ ശരാശരി ആയുസ്സ് ഏകദേശം 60 വയസ്സിനുമുകളിലാണ്. ഇവയിൽ മൂന്ന് ഇനങ്ങളെ ഐ യു സി എൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
.