Kerala
അരങ്ങ് തകര്‍ത്ത് കലാവിസ്മയം; നുകരാന്‍ ജനപ്രവാഹം
കൊവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒരേ മനസ്സോടെയാണ് പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം ഏറ്റെടുത്തിരിക്കുന്നത്.
കോഴിക്കോട് | കലോത്സവ വേദികളില്‍ ആട്ടവും പാട്ടുമായി കൗമാരം നിറഞ്ഞാടുമ്പോള്‍ ആസ്വദിക്കാന്‍ ജനപ്രവാഹം. എല്ലാ വേദികളിലേക്കും ഒഴുകിയെത്തുകയാണ് കലാസ്വാദകര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍.
കലോത്സവം പ്രമാണിച്ച് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധിയാണെന്നതും കാണികളുടെ പങ്കാളിത്തം കൂടാന്‍ ഇടയാക്കി. ഒന്നാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി അരങ്ങേറിയപ്പോള്‍ ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പോലുമിടമില്ലാത്തവിധം കാണികള്‍ നിറഞ്ഞിരുന്നു. ഒപ്പന മത്സരം നടന്ന തളിയിലെ രണ്ടാം വേദിയിലും ‘ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍’ വരുന്ന തിരുവാതിരക്കളിയുടെ മൂന്നാം വേദി സാമൂതിരി സ്‌കൂളിലും നിറഞ്ഞ സദസായിരുന്നു.
കൊവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒരേ മനസ്സോടെയാണ് പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം ഏറ്റെടുത്തിരിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും, കലാസ്വാദകരും സര്‍ക്കാരുമെല്ലാം ചേര്‍ന്ന് കലോത്സവത്തെ ചരിത്രമാക്കുകയാണ്.