Kerala
പത്തനംതിട്ടയിൽ ഏഴ് പേരെ കടിച്ച വളര്‍ത്തുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
നായയെ പിടികൂടുന്നതിനിടെ മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു.
പത്തനംതിട്ട | ചെന്നീര്‍ക്കരയില്‍ ഏഴ് പേരെ കടിച്ച വളര്‍ത്തുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചെന്നീര്‍ക്കര പമ്പുമല, മലങ്കുറ്റി ഭാഗങ്ങളില്‍ രണ്ട് ദിവസം കൊണ്ട് ഏഴ് പേരെയും നിരവധി വളര്‍ത്തുനായകളെയും കടിച്ച വളര്‍ത്തുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുറുക്കന്റെ ആക്രമണമാണ് പേവിഷ ബാധക്ക് കാരണമെന്നാണ് നിഗമനം.
തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അംഗം എം ആര്‍ മധുവിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി കെട്ടിയിട്ടു. നായയെ പിടികൂടുന്നതിനിടെ മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു. നായയുടെ കടിയേറ്റ മുഴുവന്‍ പേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ആക്രമണം നടത്തിയ നായ രാവിലെ ചത്തു.
തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അമ്പലപ്പാട്ട് വായനശാലയില്‍ കടിയേറ്റവര്‍ക്കായി ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഗോപകുമാറിന്റെ നേത്യത്വത്തില്‍, ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.