Connect with us

Ongoing News

നിരീക്ഷണ കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞു; റാന്നിക്കാരെ ഭീതിയിലാക്കിയ കടുവയെന്ന് നിഗമനം

പശുക്കളെ കൊന്നത് കടുവയെന്ന് സ്ഥിരീകരണം

Published

|

Last Updated

പത്തനംതിട്ട | മൂന്നു ദിവസം തുടര്‍ച്ചയായി റാന്നി- പെരുനാട്ടുകാരെ ഭീതിയിലാക്കിയത് കടുവയെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. രണ്ടു പശുക്കളെ ആക്രമിച്ചു കൊന്ന സ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. വളരെ രഹസ്യമായി സൂക്ഷിച്ച ചിത്രം ഇപ്പോള്‍ പ്രദേശത്ത് പ്രചരിക്കുകയാണ്.  ഇത് അവിടെ നിന്നുള്ള ചിത്രമല്ലെന്നും പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും പറഞ്ഞ് തലയൂരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.

എന്നാല്‍, പശുവിന്റെ ജഡവും മറ്റ് പശ്ചാത്തലവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തു വന്നതോടെ വനം വകുപ്പിന്റെ വാദം പൊളിഞ്ഞു. ഇതിനിടെ, പശുക്കളെ കൊന്നത് കടുവ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കൂടി അറിയിച്ചതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിയായി. പശുവിന്റെ കഴുത്തിന്റെ ഭാഗത്തെ എല്ല് കട്ടിയുള്ളതാണെന്നും ഇതിന് പരുക്ക് ഏല്‍ക്കണമെങ്കില്‍ കടുവ പോലെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിലേ സംഭവിക്കുകയുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

വാളുകൊണ്ട് വെട്ടിയാല്‍ പോലും പൊട്ടാത്ത പശുക്കളുടെ ശ്വാസകോശത്തിനു മുകളിലെ എല്ലിന് പരിക്കുണ്ടായിരുന്നു. ഇതാണ് കടുവ തന്നയാണ് പശുക്കളെ ആക്രമിച്ചതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണമായത്. നിലവില്‍ കടുവയുടെ ആക്രമണം ഉണ്ടായ ഭാഗങ്ങളില്‍ അധിവസിക്കുന്ന സാധാരണക്കാരായ ആളുകള്‍ പശുക്കളെയും ആടുകളെയും വളര്‍ത്തി ജീവിക്കുന്നവരും റബര്‍ ടാപ്പിങ് തൊഴിലാളികളുമാണ്. പ്രധാനമായും റബര്‍ ടാപ്പിങ് തൊഴിലാളികള്‍ നേരം വെളുപ്പിനെ ടാപ്പിങ് ചെയ്യുന്നതിനായി ഇറങ്ങുന്നവരാണ്. എന്നാല്‍, കടുവാ പേടിയില്‍ രാവിലെ ജോലിക്ക് പോകുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മേല്‍ ഉദ്യോഗസ്ഥരുമായി സംഭവത്തിന്റെ ഗൗരവം ചര്‍ച്ച ചെയ്തു കൂട് സ്ഥാപിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും കൂടാതെ മുപ്പതോളം വകുപ്പ് ഉദ്യോഗസ്ഥരെ സുരക്ഷക്ക് നിയമിച്ചതായും റാന്നി ഡി എഫ് ഒ ജയകുമാര്‍ ശര്‍മ പറഞ്ഞു.

Latest