Connect with us

Kerala

അക്ഷരം വായിക്കാനറിയാത്തവര്‍ക്ക് പോലും എ പ്ലസ്; മാര്‍ക്ക് ദാനത്തിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

നല്ല രീതിയിലാണ് കേരളത്തില്‍ മൂല്യം നിര്‍ണയം നടക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടേത് സര്‍ക്കാര്‍ നിലപാടല്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  പൊതുവിദ്യാഭ്യാസ മേഖലയിലെ തെറ്റായ പ്രവണതക്കെതിരെ രൂക്ഷ വിമര്‍ശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്. എസ് എസ് എല്‍ സി പരീക്ഷയില്‍ അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്വയം വിമര്‍ശം.എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട ശില്‍പശാലയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അമ്പത് ശതമാനം മാര്‍ക്കുവരെ നല്‍കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ എ പ്ലസ് വര്‍ധിപ്പിക്കാനായി ഉദാരമായി മാര്‍ക്കുകള്‍ നല്‍കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. പൊതുപരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. 50 ശതമാനം വരെ മാര്‍ക്കു നല്‍കാം. 50ശതമാനം മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്. അവിടെ നിര്‍ത്തണം. അതിനപ്പുറമുള്ള മാര്‍ക്ക് കുട്ടികള്‍ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താന്‍ പഠിച്ചിരുന്നപ്പോള്‍ 5000 പേര്‍ക്കു മാത്രമാണ് എസ്എസ്എല്‍സിയില്‍ ഡിസ്റ്റിങ്ഷന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 69,000 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്. പലര്‍ക്കും അക്ഷരം കൂട്ടി വായിക്കാന്‍ അറിയില്ല. സ്വന്തം പേര് എഴുതാന്‍ അറിയില്ല. ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിച്ചു.

അതേ സമയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന വിദ്യാഭ്യാസ മന്ത്രി എ ശിവന്‍കുട്ടി തള്ളി. നല്ല രീതിയിലാണ് കേരളത്തില്‍ മൂല്യം നിര്‍ണയം നടക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടേത് സര്‍ക്കാര്‍ നിലപാടല്ലെന്നും മന്ത്രി പ്രതികരിച്ചു

 

Latest