Connect with us

സാഹിത്യം

ശക്തിയുടെ കവിത, സൗന്ദര്യത്തിന്റേയും...

ഫ്രാൻസിന്റെ കാവ്യഭൂമികയിൽ സിംബോളിസത്തിന്റെ വളർച്ചയിൽ ഉജ്ജ്വല സംഭാവനകൾ നൽകിയ കവിയാണ് സ്റ്റീഫൻ മല്ലാർമെ. കവിതയെഴുത്തിന്റെ രാസഘടനയെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയ മല്ലാർമെ ഫ്രാൻസിലെയും യു എസിലെയും പുതുകവികളിൽ വലിയ സ്വാധീനം ചെലുത്തിയ പ്രതിഭയാണ്. മല്ലാർമെയുടെ കവിതകൾ ധ്വനിപ്രധാനങ്ങളാണ്.അവ പ്രസരിപ്പിക്കുന്ന അർഥതലങ്ങൾ വ്യത്യസ്തവും ബഹുമുഖവുമാണ്. അതോടൊപ്പം അവ സങ്കീർണവും വിഭിന്ന അർഥതലങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. അവ്യക്തമായ ആശയസ്ഫുരണങ്ങളാണ് അവയിൽ തുടിക്കുന്നത്.

Published

|

Last Updated

ത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കവികളിൽ പ്രമുഖനാണ് സ്റ്റീഫൻ മല്ലാർമെ. ഫ്രാൻസിന്റെ കാവ്യഭൂമികയിൽ സിംബോളിസത്തിന്റെ വളർച്ചയിൽ ഉജ്ജ്വല സംഭാവനകൾ നൽകിയ കവിയാണ് അദ്ദേഹം. കവിതയെഴുത്തിന്റെ രാസഘടനയെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയ മല്ലാർമെ ഫ്രാൻസിലെയും യു എസിലെയും പുതുകവികളിൽ വലിയ സ്വാധീനം ചെലുത്തിയ പ്രതിഭയാണ്.

1842 മാർച്ച് 18ന് ഫ്രാൻസിലെ മധ്യവർഗ കുടുംബത്തിലാണ് സ്റ്റീഫൻ മല്ലാർമെ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം അദ്ദേഹം ലണ്ടനിൽ ഇംഗ്ലീഷ് പഠനം നടത്തി. പിന്നീട് ഫ്രാൻസിൽ തിരിച്ചെത്തി അവിടുത്തെ ഒരു ചെറിയ പട്ടണത്തിലെ സ്കൂളിൽ അധ്യാപകനായി ചേർന്നു. കുറേ കാലം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചെങ്കിലും സത്യത്തിൽ അധ്യാപകവൃത്തി അദ്ദേഹത്തിന്റെ പ്രകൃതത്തിന് അനുയോജ്യമായിരുന്നില്ല.

അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 1893ൽ അദ്ദേഹം ജോലിയിൽനിന്നും സ്വയം വിരമിച്ചു. അതിനിടെ ആനുകാലികങ്ങളിൽ അദ്ദേഹം കവിതകളെഴുതിത്തുടങ്ങിയിരുന്നു. 1860 ലാണ് ആദ്യ കവിത Placet പ്രസിദ്ധീകരിച്ചത്. ആദ്യകാല രചനകൾ വലിയ തോതിൽ സഹൃദയ ശ്രദ്ധ നേടിയില്ലെങ്കിലും അധികം വൈകാതെ ഫ്രാൻസിലെ കാവ്യലോകത്ത് ഉന്നതമായ സ്ഥാനം നേടിയ മല്ലാർമെ അക്കാലത്തെ ജീവിച്ചിരിക്കുന്ന കവികളിൽ ഏറ്റവും ശ്രേഷ്ഠൻ എന്ന ബഹുമതിക്കും അർഹനായി. അൻപത്തിയാറാം വയസ്സിൽ 1898 സെപ്തംബർ ഒന്പതിന് അപ്രതീക്ഷിതമായി മരണം വന്ന് അദ്ദേഹത്തെ കീഴടക്കിയപ്പോൾ ഫ്രാൻസിന്റെ കാവ്യലോകം അക്ഷരാർഥത്തിൽ അനാഥമാവുകയായിരുന്നു.

മല്ലാർമെയുടെ കവിതകൾ എണ്ണത്തിൽ ഏറെ കൂടുതലില്ല. ആദ്യ കവിതാ സമാഹാരം 1899 ലാണ് പ്രസിദ്ധീകരിച്ചത്. 1864 ൽ പ്രസിദ്ധീകരിച്ച Herodias, 1865 ൽ വെളിച്ചം കണ്ട The Afternoon of a Faun എന്നിവയാണ് ശ്രദ്ധേയമായ കവിതകൾ. 1897 ൽ പ്രസിദ്ധീകരിച്ച A Throw of the Dice ഏറെ പ്രശംസിക്കപ്പെട്ട മറ്റൊരു രചനയാണ്‌. A Toast, Anxiety, Another Fan, Distress, Sigh എന്നിവയും അദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്.

ഫ്രഞ്ച് സിംബോളിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന ബോദ് ലേയറിന്റെ കാവ്യപാരമ്പര്യത്തോട് എഴുത്തിന്റെ ആരംഭം മുതൽ വലിയ അടുപ്പം പ്രകടിപ്പിച്ച കവിയായിരുന്നു മല്ലാർമെ. കവിതയുടെ കെട്ടുറപ്പിനും ആസ്വാദ്യതക്കും അത് പ്രതീകഭാഷയിൽ രചിക്കുന്നതാണ് ഏറെ ഗുണകരമെന്ന് അദ്ദേഹം വിശ്വസിച്ചു. മല്ലാർമെയെ സംബന്ധിച്ച് കവിതയിൽ വർണനകൾക്ക് പ്രാധാന്യമില്ല. നേരെമറിച്ച് അത് ധ്വന്യാത്മകമായിരിക്കണം. ആശയങ്ങളെ വ്യത്യസ്തരീതിയിൽ ധ്വനിപ്പിക്കുന്നതാകണം യഥാർഥ കവിത. ആശയങ്ങളെ വാക്കുകൾ കൊണ്ട് പരിമിതപ്പെടുത്തുവാൻ പാടില്ല. അങ്ങനെ വരുമ്പോൾ കവിതയുടെ ബഹുമുഖമായ ആസ്വാദനത്തിനാണ് അത് തടസ്സം സൃഷ്ടിക്കുക.

മല്ലാർമെയുടെ കവിതകൾ അതുകൊണ്ടുതന്നെ ധ്വനിപ്രധാനങ്ങളാണ്. അവ പ്രസരിപ്പിക്കുന്ന അർഥതലങ്ങൾ വ്യത്യസ്തവും ബഹുമുഖവുമാണ്. അതോടൊപ്പം അവ സങ്കീർണവും വിഭിന്ന അർഥതലങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. അവ്യക്തമായ ആശയസ്ഫുരണങ്ങളാണ് അവയിൽ തുടിക്കുന്നത്. എന്നാൽ അവ വായനക്കാരെ മടുപ്പിക്കുന്നില്ല, നേരെമറിച്ച് ആസ്വാദനത്തിന്റെ ഉന്നതമായൊരു തലത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് സത്യം.

കാവ്യരചനയെ ഒരു തപസ്യയാക്കി മാറ്റിയ പ്രതിഭയാണ് മല്ലാർമെ. അത് ഒരു വിശുദ്ധ കൃത്യമായാണ് അദ്ദേഹം കണ്ടത്. ശക്തമായ ഭാഷയുടെ ഉൾക്കരുത്തു കൊണ്ട് ഫ്രഞ്ച് കവിതയെ അദ്ദേഹം അനശ്വരമാക്കി. അതുകൊണ്ടുതന്നെ മല്ലാർമെയുടെ കാലഘട്ടം ഫ്രഞ്ച് സാഹിത്യചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമായാണ് കണക്കാക്കുന്നത്.

Latest